ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ബോയിങ്ങില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഇന്ത്യയിലെത്തി. നാല് ഹെലികോപ്റ്ററുകളാണ് ശനിയാഴ്ച ഇന്ത്യയിലെത്തിയത്. അടുത്ത ആഴ്ച നാല് ഹെലികോപ്റ്റര്‍ കൂടെ ഇന്ത്യയ്ക്ക് കൈമാറും.
വ്യോമസേനയുടെ ഹിന്‍ഡോണ്‍ വ്യോമതാവളത്തിലാണ് ഹെലികോപ്റ്ററുകള്‍ എത്തിയത്.മിനിറ്റില്‍ 128 മിസൈലുകള്‍ ശത്രുക്കള്‍ക്കുനേരെ പ്രയോഗിക്കാന്‍ കഴിയുന്നതും ആക്രമണങ്ങളെ ചെറുക്കാന്‍ പ്രത്യേക സംവിധാനങ്ങളുമുള്ള ഹെലികോപ്റ്ററെന്നതാണ് അപ്പാച്ചെ ഹെലികോപ്റ്ററിന്റെ സവിശേഷത.
ആദ്യമായിട്ടാണ് അപ്പാച്ചെ എച്ച്-64ഇ വിഭാഗത്തിലുള്ള പോര് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ സൈന്യം വാങ്ങുന്നത്. 2020നകം 22 ഹെലികോപ്റ്ററുകള്‍ വ്യോമസേനയുടെ ഭാഗമാകുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ എട്ടെണ്ണം പത്താന്‍കോട്ട് വ്യോമതാവളത്തിലാകും വിന്യസിക്കുക. സെപ്റ്റംബറിലായിരിക്കും ഇതിന്റെ കമ്മീഷനിംഗ് ചടങ്ങുകള്‍ നടത്തുക.
അപ്പാച്ചെ എ.എച്ച്-64ഇ ഹെലികോപ്റ്ററുകള്‍ ലോകത്തിലേറ്റവും മികച്ചവെയെന്നാണ് വിലയിരുത്തുന്നത്. അമേരിക്കന്‍ സൈന്യം ഉള്‍പ്പെടെ 14 രാജ്യങ്ങളുടെ സൈന്യത്തിന്റെ ഭാഗമാണ് അപ്പാച്ചെ ഹെലികോപ്റ്റര്‍.

