Sunday, May 19, 2024
spot_img

സാരിയുടുത്ത ആദ്യ മലയാളി വനിത ആരാണ്?| Saree

സാരിയുടുത്ത ആദ്യ മലയാളി വനിത ആരാണ്?| Saree

പണ്ഡിതയും കലാവിദുഷിയുമായിരുന്ന കല്യാണിക്കുട്ടിയമ്മയെ ആയില്യം രാജാവു പത്നിയായി സ്വീകരിച്ചതിന്റെ അതിസുന്ദര കഥകൾ തിരുവിതാംകൂർ ചരിത്രത്തിനു സ്വന്തം. കൊച്ചി രാജ്യത്തെ അവസാനത്തെ സർവാധികാര്യക്കാരനായ നടവരമ്പത്തു കുഞ്ഞുകൃഷ്ണ മേനോന്റെയും മാതൃപ്പള്ളി വീട്ടിൽ കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളായിരുന്നു കല്യാണിക്കുട്ടിയമ്മ. തിരുവിതാംകൂർ കൊട്ടാരം കഥകളി യോഗത്തിലെ മഹാനടൻ ഈശ്വരപ്പിള്ള വിചാരിപ്പുകാർ മുൻകയ്യെടുത്തു നടത്തിയ ആലോചനയുടെ ഫലമായാണു കല്യാണിക്കുട്ടിയമ്മ ആയില്യം തിരുനാളിന്റെ പത്നിയായതെന്നു ചരിത്രഗവേഷകൻ പ്രതാപ് കിഴക്കേമഠം രേഖപ്പെടുത്തുന്നു.

കൊല്ലവർഷം 1038ലാണു മഹാരാജാവ് കല്യാണിക്കുട്ടിയമ്മയെ പത്നിയായി സ്വീകരിച്ചത്. ഈശ്വരപ്പിള്ള വിചാരിപ്പുകാരുമായുള്ള ബന്ധത്തെപ്പറ്റി കിംവദന്തികൾ പരന്നപ്പോൾ അക്കാര്യം പരിശോധിക്കാൻ കൊട്ടാരം സ്വീകരണമുറിയിൽ നാലുപാടും നിലക്കണ്ണാടികൾ വച്ച് മഹാരാജാവു നടത്തിയ ‘ഒളിക്യാമറ ഓപ്പറേഷൻ’ കല്യാണിക്കുട്ടിയമ്മയെക്കുറിച്ച് അദ്ദേഹത്തിന്റെ മതിപ്പു വർധിപ്പിക്കാനേ ഉപകരിച്ചുള്ളൂ. ഈശ്വരപ്പിള്ളയെ ഗുരുവായും പിതാവിനെപ്പോലെയുമാണ് അവർ കണ്ടിരുന്നതെന്നാണു മഹാരാജാവിനു ബോധ്യപ്പെട്ടത്.

കല്യാണിക്കുട്ടിയമ്മ 1868ൽ സാരിയുടുക്കുമ്പോൾ, രാജാ രവിവർമയുടെ സാരിയണിഞ്ഞ ദേവീരൂപങ്ങളും പുരാണകഥാപാത്രങ്ങളും പിറന്നിട്ടുണ്ടായിരുന്നില്ല. മഹാരാഷ്ട്രയിലെയും ആന്ധ്രയിലെയും വസ്ത്ര പാരമ്പര്യങ്ങൾ കണ്ടറിഞ്ഞുള്ള രവിവർമയുടെ സാരിസങ്കൽപം 1880കൾ തൊട്ടാണ് ഇന്ത്യയെമ്പാടും പ്രചരിച്ചത്. തിരുവിതാംകൂറിന്റെ സാരിചരിത്രത്തിലെ പ്രഥമവനിതയായി ചരിത്രകാരൻ മനു എസ്. പിള്ളയും എടുത്തുപറയുന്നതു കല്യാണിക്കുട്ടിയമ്മയുടെ പേരാണ്. തമിഴ്നാട്ടിൽനിന്നുൾപ്പെടെയെത്തിയ നർത്തകിമാരിലൂടെയാകാം സാരിയുടെ ആദ്യമാതൃകകൾ കേരളത്തിലും ചുവടുവച്ചതെന്നു കരുതുന്നതിൽ തെറ്റില്ല. തിരുവനന്തപുരത്തെ ശ്രീപത്മനാഭ ക്ഷേത്രത്തിലുള്ള കൈകൊട്ടിക്കളി ശിൽപങ്ങൾ ഉടുത്തിരിക്കുന്നത് സാരി പോലെയുള്ള വസ്ത്രമാണെന്നു ചരിത്ര ഗവേഷക ഉമ മഹേശ്വരി ചൂണ്ടിക്കാട്ടുന്നു. 

Related Articles

Latest Articles