സാന്‍ഫ്രാന്‍സിസ്‌കോ: കാത്തിരിപ്പുകൾക്കും, അഭ്യൂഹങ്ങൾക്കും വിരാമമിട്ട് പേരുമാറ്റി ഫേസ്ബുക്ക്.
കമ്പനിയുടെ കോര്‍പറേറ്റ് നാമം ‘മെറ്റ’ (Facebook Name Changes) എന്നായിരിക്കും. ഫെയ്സ് ബുക്കിന്റെ കമ്പനിയിലെ ഡവലപ്പര്‍മാരുടെ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് പേരുമാറ്റം സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയക്ക് അപ്പുറത്തേക്ക് വളരാനുള്ള കമ്പനിയുടെ അഭിലാഷമാണ് പേരുമാറ്റത്തില്‍ പ്രതിഫലിക്കുന്നത്. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു. ‘മെറ്റ’ എന്ന പേരിലാവും കമ്പനി ഇനി അറിയപ്പെടുക.
ഫേസ്ബുക്ക് ഇൻകോർപറേറ്റ് എന്നാണ് ഇത്രയും കാലം കമ്പനി അറിയപ്പെട്ടിരുന്നത്. ഇനി മുതൽ ‘മെറ്റ ഇൻകോർപറേറ്റ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സുക്കർബർഗ് വ്യക്തമാക്കി. അടുത്തിടെ ഏഴു മണിക്കൂറിലേറെ ഫേസ്ബുക്കും വാട്സ്ആപ്പും അനുബന്ധ സമൂഹ മാധ്യമങ്ങളും നിശ്ചലമായിരുന്നു. ഇതേതുടർന്ന് നടന്ന ചർച്ചകളിൽ ഫേസ്ബുക്കിന്റെ പേരു മാറ്റാൻ പോകുന്നുവെന്ന പ്രചാരണമുണ്ടായിരുന്നു.
എന്നാൽ, പേരുമാറ്റം ലോകത്തിലെ ഏറ്റവും വലിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലല്ല, കമ്പനിയിലാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുക്കർബർഗ്. ആപ്പുകളിലും ബ്രാൻഡുകളിലും മാറ്റമില്ലെന്നും പുതിയ വെർച്വൽ ലോകം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമം എന്ന തലത്തില്‍ നിന്ന് വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ പുത്തന്‍ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ കൂടി ഭാഗമായാണ് പേരു മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ന് നമ്മുടേത് ഒരു സോഷ്യല്‍മീഡിയ കമ്പനിയാണ്. എന്നാല്‍ നമ്മുടെ ഡി.എന്‍.എയില്‍ അടങ്ങിയിട്ടുള്ളത് ജനങ്ങളെ പരസ്പരം കൂട്ടിയോജിപ്പിക്കുന്ന സാങ്കേതിക വിദ്യ പടുത്തുയര്‍ത്തുക എന്നതാണ്’- സക്കര്‍ബര്‍ഗ് പറഞ്ഞു.
ഗെയിം, വര്‍ക്ക്, കമ്യൂണിക്കേഷന്‍ തുടങ്ങിയവയെല്ലാം വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളിലൂടെ സാധ്യമാക്കുന്ന ‘മെറ്റാവെഴ്‌സ്’ എന്ന ഓണ്‍ലൈന്‍ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.മെറ്റവേഴ്സ് എന്ന ശാസ്ത്ര-സാങ്കേതിക സംജ്ഞയില്‍നിന്നാണ് പുതിയ പേര് സ്വീകരിച്ചിരിക്കുന്നത്, വിര്‍ച്വല്‍ ലോകത്തെ പുതിയ ഗതിവിഗതികള്‍ സൂചിപ്പിക്കാനാണ് ഈ പേര്. ഫെയ്‌സ്ബുക്ക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം എന്നീ ആപ്പുകള്‍ ഇനി മെറ്റയുടെ കീഴിലാകും പ്രവര്‍ത്തിക്കുക. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനി, അതിന്റെ വിപണി ശക്തി, അല്‍ഗോരിതം തീരുമാനങ്ങള്‍, സേവനങ്ങളിലെ ദുരുപയോഗം എന്നിവയെക്കുറിച്ച് നിയമനിര്‍മ്മാതാക്കളില്‍ നിന്നും കോടതികളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് പേര് മാറ്റം.
‘മെറ്റ’ എന്ന പദത്തിന്റെ ഉത്ഭവം
‘അപ്പുറം’ എന്നതിനുള്ള ഗ്രീക്ക് പദത്തില്‍ നിന്നാണ് പുതിയ പേര് വന്നത്, നിര്‍മ്മിക്കാന്‍ എപ്പോഴും കൂടുതല്‍ ഉണ്ടെന്നതിന്റെ പ്രതീകമാണെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. ഗ്രീക്ക് പുരാണങ്ങളില്‍ ഏഥന്‍സിലെ രാജാവായ ഈജിയസിന്റെ ആദ്യ ഭാര്യയായി മാറിയ ഹോപ്ളസിന്റെ മകളാണ് മെറ്റ. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ‘സ്‌നോ ക്രാഷ്’ എന്ന നീല്‍ സ്റ്റീഫന്‍സണിന്റെ ശാസ്ത്ര നോവലില്‍ വന്ന ഒരു പദമാണ് മെറ്റാവേര്‍സ്. വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയുന്ന ഒരു വെര്‍ച്വല്‍ മണ്ഡലത്തിന്റെ ആശയത്തെ ഇത് വിശാലമായി സൂചിപ്പിക്കുന്നു.

