Wednesday, May 22, 2024
spot_img

വിദേശികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ ജപ്പാനിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു: പഴയ സ്ഥിതിയിലേയ്ക്ക് നീങ്ങുന്നതിനിടെ വീണ്ടും അടച്ചിടൽ പ്രഖ്യാപനം

ടോക്കിയോ: വിദേശികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഒരു ദിവസത്തിനിപ്പുറം ജപ്പാനിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. നമീബിയയില്‍ നിന്ന് വന്നയാള്‍ കൊവിഡ് പോസ്റ്റീവായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ വകഭേദമാണെന്ന് കണ്ടെത്തിയത്. ഇതേതുടർന്ന് 30കാരനായ യുവാവിനെ മെഡിക്കല്‍ സംഘത്തിന് കീഴില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ജപ്പാനില്‍ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ക്കും മറ്റും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. മാത്രമല്ല വിദേശികള്‍ക്കും ജപ്പാനിലേയ്ക്ക് കടക്കുന്നതില്‍ പൂര്‍ണമായി നിരോധനമുണ്ടായിരുന്നു. ജപ്പാന്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൊവിഡ് സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി പഴയ സ്ഥിതിയിലേയ്ക്ക് നീങ്ങുകയായിരുന്നു. എന്നാൽ ഇതിനിടെയാണ് വീണ്ടും അടച്ചിടലുകള്‍ പ്രഖ്യാപിച്ചത്.

ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങളിലേയ്ക്ക് ജപ്പാന്‍ കടക്കുമോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ അധികൃതര്‍ അറിയിക്കും. മാത്രമല്ല വാക്‌സിനേഷന്‍ നിരക്ക് തുടക്കത്തില്‍ കുറവായിരുന്നെങ്കിലും നിലവില്‍ ജനസംഖ്യയുടെ 77 ശതമാനവും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്.

Related Articles

Latest Articles