Saturday, September 19, 2026

മത്സ്യത്തൊഴിലാളി സജീവന്‍റെ മരണം; ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: ഭൂമി തരം മാറ്റ അപേക്ഷയുമായി സര്‍ക്കാര്‍ ഓഫീസുകളിൽ കയറിയിറങ്ങി മടുത്ത സജീവന്‍ എന്ന മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത കേസില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിലെ ആറ് ഉദ്യോഗസ്ഥരെയാണ് സർക്കാര്‍ സസ്പെന്‍റ് ചെയ്തത്. ആധാരത്തില്‍ നിലം എന്നത് പുരയിടം എന്നാക്കി മാറ്റാന്‍ ഒരുവര്‍ഷം സജീവന്‍ സര്‍ക്കാര്‍ ഒഫീസുകള്‍ കയറിയിറങ്ങിയിരുന്നു.

പറവൂര്‍ മാല്യങ്കര സ്വദേശിയായ മൽസ്യത്തൊഴിലാളി സജീവനാണ് കഴിഞ്ഞമാസം നാലിന് ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് തലേ ദിവസം ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ ഓഫീസിലെ ജീവനക്കാര്‍ സജീവനെ അപമാനിച്ച് ഇറക്കിവിട്ടിരുന്നു. തുടര്‍ന്ന് രാത്രി വീട്ടുവളപ്പിലെ മരത്തില്‍ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സംഭവം വന്‍ വിവാദം ആയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മിഷണറെ അന്വേഷണത്തിനായി നിയോഗിച്ചു.

ഗുരുതരമായ വീഴ്ച്ചയാണ് സജീവന്‍റെ അപേക്ഷ കൈകാര്യം ചെയ്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചതെന്ന ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു ജൂനിയര്‍ സുപ്രണ്ട്, മൂന്ന് ക്ലര്‍ക്കുമാര്‍, രണ്ട് ടൈപ്പിസ്റ്റുകള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

Related Articles

Latest Articles