Tuesday, May 21, 2024
spot_img

ഇന്ത്യ നാവിക സേനയുടെ പെൺകരുത്ത്; ചരിത്രമെഴുതി ആദ്യത്തെ വനിതാസംഘം അറബിക്കടലിൽ നിരീക്ഷണ ദൗത്യം പൂർത്തികരിച്ചു

ദില്ലി: നാവികസേനയുടെ സമ്പൂർണ വനിത സംഘം ആദ്യമായി സമുദ്ര നിരീക്ഷണ ദൗത്യം വിജയകരമായി പൂർത്തീകരിച്ചു.വനിതകളുടെ അഞ്ചംഗ സംഘമാണ് ദൗത്യം പൂർത്തിയാക്കി ചരിത്രമെഴുതിയത്. പോർബന്തറിലെ നേവൽ എയർ എൻക്ലേവ് ആസ്ഥാനമായുള്ള നാവികസേനയുടെ ഐഎൻഎഎസ് 314-ലെ അഞ്ച് ഉദ്യോഗസ്ഥരായിരുന്നു ഈ ദൗത്യത്തിലുണ്ടായിരുന്നത്. ഗുജറാത്തിലെ പോർബന്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര നേവൽ എയർ സ്‌ക്വാഡ്രണാണ് ഐഎൻഎഎസ് 314. തുടർന്ന് ഡോർണിയർ-228 എയർക്രാഫ്റ്റിൽ അറബിക്കടലിലായിരുന്നു സംഘം നിരീക്ഷണം പൂർത്തിയാക്കിയത്.

മിഷൻ കമാൻഡർ ലെഫ്. കേഡർ അഞ്ചൽ ശർമ്മയായിരുന്നു സംഘത്തിന്റെ ക്യാപ്റ്റൻ. പൈലറ്റുമാരായ ലെഫ്. ശിവാംഗി, ലെഫ്. അപൂർവ ഗൈറ്റ്, ടാക്റ്റിക്കൽ ആൻഡ് സെൻസർ ഓഫീസർമാരായ ലെഫ്. പൂജ പാണ്ഡ, എസ്എൽടി പൂജ ഷെഖാവത് എന്നിവരായിരുന്നു ടീമിലുണ്ടായിരുന്ന മറ്റ് അംഗങ്ങൾ. ഈ ചരിത്രപരമായ ദൗത്യത്തിന് മുന്നോടിയായി വനിതാ ഉദ്യോഗസ്ഥർക്ക് മാസങ്ങളോളം നീണ്ട പരിശീലനവും സമഗ്രമായ മിഷൻ ബ്രീഫിംഗുകളും ലഭിച്ചിരുന്നു.

വനിതാ പൈലറ്റുമാരെ ഉൾപ്പെടുത്തൽ, ഹെലികോപ്റ്റർ സ്ട്രീമിലേക്ക് എയർ ഓപ്പറേഷൻസ് ഓഫീസർമാരായി വനിതകളെ തിരഞ്ഞെടുക്കൽ, സ്ത്രീകൾ മാത്രമടങ്ങുന്ന കപ്പലിൽ യാത്ര സംഘടപ്പിക്കൽ എന്നിവയുൾപ്പെടെ ശ്രദ്ധേയമായ നിരവധി സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ ഇന്ത്യൻ നാവിക സേനയിൽ നടന്നുവരുന്നു. എങ്കിലും ഏറ്റവും ഒടുവിൽ വിജയകരമായി പൂർത്തിയാക്കിയ ഈ ദൗത്യം സവിശേഷത നിറഞ്ഞതാണെന്നും ഏവിയേഷൻ കേഡറിലെ വനിതാ ഓഫീസർമാർക്ക് വലിയ പ്രചോദനമാകുമെന്നുമാണ് വിലയിരുത്തിയിരിക്കുന്നത്.

Related Articles

Latest Articles