Friday, December 26, 2025

മോക്ക ചുഴലിക്കാറ്റ്; വിമാനങ്ങൾ റദ്ദാക്കി, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു, ബംഗ്ലാദേശിനും മ്യാന്മറിനും മുന്നറിയിപ്പ്

മോക്ക ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ കരതൊടുമെങ്കിലും ആഘാതങ്ങൾ ഒഴിയുന്നില്ല. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബംഗ്ലാദേശ്, മ്യാന്മർ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 200 കിലോമീറ്റർ വരെയാകാമെന്നും ബംഗ്ലാദേശിലെ കോക്സ് ബസാർ തുറമുഖം, ചട്ടഗ്രാം, പൈറ തുറമുഖം എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.രണ്ട് പതിറ്റാണ്ടിനിടെ ബംഗ്ലാദേശ് തീരത്ത് ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മോക്ക എന്ന് ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് മേധാവി അസിസുർ റഹ്‌മാൻ പറഞ്ഞു.

മോക്ക ചുഴലിക്കാറ്റ് മഴയ്ക്ക് കാരണമായേക്കാമെന്നും അത് മണ്ണിടിച്ചിലിന് കാരണമാകുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.ബംഗ്ലാദേശും മ്യാൻമറും റോഹിങ്ക്യൻ അഭയാർത്ഥികൾ ഉൾപ്പെടെയുള്ള 5 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. റാഖൈൻ തീരത്തെ ഗ്രാമങ്ങളിൽ നിന്ന് മ്യാൻമറിലെ ജുണ്ട അധികാരികൾ ഒഴിപ്പിക്കലിന് മേൽനോട്ടം വഹിച്ചതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റാഖൈൻ സംസ്ഥാനത്തേക്കുള്ള എല്ലാ വിമാനങ്ങളും തിങ്കളാഴ്ച വരെ നിർത്തിവച്ചതായി മ്യാൻമർ എയർവേസ് ഇന്റർനാഷണൽ അറിയിച്ചു.അതേസമയം കേരളത്തിൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Related Articles

Latest Articles