കേരളത്തെ നടുക്കിയ മഹാപ്രളയത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ നമ്മള്‍ എത്തി നില്‍ക്കുമ്പോള്‍, ദുരന്തമുഖത്ത് നിന്നും ജനതയെ കൈപിടിച്ചുയര്‍ത്താന്‍ സഹായിച്ച ഒത്തിരി വിഭാഗങ്ങളുണ്ട്. അവരോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും തീരില്ല കേരള ജനതയ്ക്ക്.ദൈവദൂതന്‍മാരെപ്പോലെയാണ് അവര്‍ ദുരന്ത മുഖങ്ങളില്‍ അവതരിച്ചത്.
പ്രളയ ദുരിതത്തില്‍ അകപ്പെട്ട ഓരോരുത്തരെയും സ്വന്തം ജീവന്‍ പോലും തൃണവല്‍ക്കരിച്ച് അവര്‍ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.അങ്ങനെ മനസ്സില്‍ നിന്നും മായാത്ത രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഓര്‍മകള്‍ ഏറെയുണ്ട് കൊച്ചുകേരളത്തിന്.
അപ്രതീക്ഷമായി ആര്‍ത്തലച്ച് വന്ന പ്രളയത്തെ നേരിടുന്നതില്‍ കൊച്ചുകേരളത്തിലെ ജനത തീര്‍ത്തും നിസ്സഹായരായിരുന്നു.സൈന്യം,പോലീസ്,ഫയർഫോഴ്സ്, KSEB, നേവി, കോസ്റ്റ് ഗാർഡ്,മത്സ്യത്തൊഴിലാളികള്‍ , മറ്റ് സന്നദ്ധ സംഘടനകൾ എല്ലാം ദുരിതക്കയത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഒരേ മനസ്സോടെ മുന്നിട്ടിറങ്ങി.എല്ലാ പ്രതീക്ഷകളും തകര്‍ന്ന നിമിഷത്തില്‍ അവര്‍ക്ക് താങ്ങും തണലുമായി നിന്നത് ഇത്തരം സന്നദ്ധ സംഘടനകളാണ്.. ഇവരെല്ലാം ഒറ്റക്കെട്ടായി നിന്നതിന്‍റെ ഫലമായിരുന്നു മഹാപ്രളയത്തെ അതിജീവിക്കാന്‍ കേരളത്തിന് പ്രേരണയായത്.
ജില്ലാ കളക്ടർമാരുടെയും ഭരണ സംവിധാനങ്ങളുടെയും കേന്ദ്ര സേനകളുടെയും സന്നദ്ധ സംഘടനകള്‍ പ്രവർത്തങ്ങൾ ഏകോപിച്ച് ദുരന്തത്തെ ഫലപ്രദമായി തന്നെ നേരിട്ടു. വിസ്മയിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ വിഭാഗങ്ങള്‍ ഓരോന്നും ദുരന്തമുഖങ്ങളില്‍ നടത്തിയത്.അനവധി പേരുടെ ജീവനുകള്‍ രക്ഷപ്പെടുത്താന്‍ ഈ കൂട്ടായ പ്രവര്‍ത്തനം കൊണ്ട് സാധിച്ചു.കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങളുടെ വേദനയിലും ദുഖത്തിലും പങ്കാളിയായിക്കൊണ്ട് കേരളം അതിവേഗം തന്നെ ദുരന്തത്തെ അതിജീവിച്ചു
14 ജില്ലകളിലെയും ഫയർഫോഴ്സ് സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സൈന്യവും ദേശീയ ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവർത്തനത്തിനെത്തുന്നതിന് മുമ്പേതന്നെ പ്രളയരക്ഷാദൗത്യമാരംഭിച്ച അഗ്നി-രക്ഷാ സേന 1.20 ലക്ഷം ആൾക്കാരെയാണ് രക്ഷപ്പെടുത്തിയത്. ഫയര്‍ഫോഴ്സിലെ രണ്ടായിരത്തോളം അംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. വിയ്യൂരിലെ പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിലായിരുന്ന നാനൂറോളം പേരും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു.സ്വന്തം ജീവന്‍ മറന്ന് രക്ഷാപ്രവര്‍ത്തന മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയ കെ എസ് ഇ ബി ജീവനക്കാരും പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു.
പൊലീസ്, കര-വ്യോമ-നാവികസേനകള്‍ എന്നിവയും രക്ഷാ പ്രവർത്തനത്തില്‍ ഭാഗഭാക്കായി.എല്ലാ സൈനിക വിഭാഗങ്ങളിൽനിന്നായും വലിയൊരു സംവിധാനമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചത്.നിരവധി ഹെലികോപ്ടറുകളാണ് വ്യോമസേന വിന്യസിച്ചത്.വ്യോമസേന അവരുടെ 500 മോട്ടോർബോട്ട്, 90 ചെറു വിമാനങ്ങൾ എന്നിവ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തി. ഓപ്പറേഷൻ സഹയോഗ് എന്ന പേരിൽ കേരള സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും സൈന്യം നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. കരസേന കേരളത്തിലെ പ്രളയബാധിതമായ ഏതാനും ഇടങ്ങളിൽ 13 താൽക്കാലിക പാലങ്ങൾ നിർമ്മിച്ചിരുന്നു.
നാവിക സേനയുടെ 82 ടീമുകളിലെ ഏകദേശം ആയിരത്തോളം പേർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നാവിക സേനയുടെ 38 ഹെലിക്കോപ്റ്ററുകളും മറ്റു നിരവധി വാഹനങ്ങളും കേരളത്തിൽ പലയിടങ്ങളിലായി പ്രവർത്തിച്ചിരുന്നു. മോശമായ കാലാവസ്ഥ പലയിടങ്ങളിലും ഹെലികോപ്ടറുകളിലൂടെയുളള രക്ഷാപ്രവര്‍ത്തനത്തിന് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. പ്രളയജലത്താൽ വലയം ചെയ്യപ്പെട്ട് അശരണരായ കഴിഞ്ഞ നിരവധി പേര്‍ക്കാണ് സേനാവിഭാഗങ്ങള്‍ പുതുജീവിതം സമ്മാനിച്ചത്. ആലുവ സ്വദേശിയായ പൂർണഗർഭിണിയേയും മറ്റൊരു വനിതയേയും നാവിക സേനാ കമാൻഡർ വിജയ് വർമയും സംഘവും അതിസാഹസികമായാണ് വീടിനു മുകളിൽ നിന്നു രക്ഷപ്പെടുത്തിയത്.
അടിയന്തര സാഹചര്യം മുൻനിറുത്തി വ്യോമസേനയുടെ തിരുവനന്തപുരത്തേയും നാവികസേനയുടെ കൊച്ചിയിലേയും വിമാനത്താവളങ്ങൾ രക്ഷാ പ്രവർത്തനത്തിന് ഉടനടി തുറന്നു കൊടുത്ത് കേന്ദ്രവും തങ്ങളാലാവും വിധം സഹായം നല്‍കി. സംസ്ഥാനം മഹാപ്രളയത്തില്‍ തീരാദുരിതംഅനുഭവിച്ച നാളുകളില്‍ ഓരോ ദിനവും കേന്ദ്രം സ്ഥിതിഗതികള്‍ വിലയിരുത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. വേണ്ട സഹായങ്ങളെല്ലാം സംസ്ഥാനത്തിന് ഏര്‍പ്പെടുത്തി നല്‍കുന്നതിലും പ്രത്യേകം ശ്രദ്ധ ചെലുത്തി.
തീരസംരക്ഷണ സേനയുടെ പ്രവര്‍ത്തനവും ഏറെ അഭിനന്ദനാര്‍ഹമായിരുന്നു. തീര സംരക്ഷണ സേനയുടെ 42 ടീമുകൾ, 2 ഹെലിക്കോപ്ടറുകൾ, 2 കപ്പലുകൾ എന്നിവ.യാണ് ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്. എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സ് അവരുടെ 10 ടീമുകളിലെ 790 സൈനികരെയാണ് രക്ഷാപ്രവർത്തനത്തിനായി വിന്യസിപ്പിച്ചിരുന്നത്.
പൊലീസിനും അഗ്നി-രക്ഷാ സേനയ്ക്കും വിവിധ സേനാവിഭാഗങ്ങള്‍ക്കും ഒപ്പം നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.പരുക്കേറ്റ അനവധി പേരെ ആശുപത്രിയിലെത്തിക്കാനും നിരവധി പേരുടെ ജീവനുകള്‍ രക്ഷിക്കാനും നാട്ടുകാരുടെ സഹായത്തിലൂടെ സാധിച്ചു.കേരളത്തിന്‍റെ യഥാര്‍ത്ഥ സൈന്യമായ മത്സ്യത്തൊഴിലാളികളും ദുരന്തമുഖത്ത് പ്രകടിപ്പിച്ചത് അസാമാന്യധൈര്യമാണ്. സേനാവിഭാഗങ്ങള്‍ക്കും മറ്റ് സന്നദ്ധ വിഭാഗങ്ങള്‍ക്കും ഒപ്പം ഇവരും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതോടെ നിരവധി പേരെ രക്ഷപ്പെടുത്താനായി.കക്ഷിരാഷ്ട്രീയഭേദമെന്യേ സന്നദ്ധസംഘടനകളും ദുരന്തമുഖത്ത് സജീവമായിരുന്നു.
ദേശീയ ദുരന്ത പ്രതികരണ സേന എൻഡിആർഎഫിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യങ്ങളിലൊന്നാണ് മഹാപ്രളയകാലത്ത് കേരളത്തില്‍ നടന്നത്. തൃശ്ശൂരിൽ പതിനഞ്ചും പത്തനംതിട്ടയിൽ പതിമൂന്നും ആലപ്പുഴയിൽ പതിനൊന്നും എറണാകുളത്ത് അഞ്ചും ഇടുക്കിയിൽ നാലും മലപ്പുറത്ത് മൂന്നും വയനാടും കോഴിക്കോടും രണ്ട് വീതം എന്‍ ഡി ആര്‍ എഫ് സംഘങ്ങളുമാണ് പ്രവർത്തനം നടത്തിയത്.
രക്ഷാ പ്രവർത്തങ്ങൾ ഏകോപിച്ച് ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു. മഹാപ്രളയകാലത്ത് കേരളത്തിലെ സ്ഥിതിഗതികള്‍ പ്രത്യേക താല്‍പര്യത്തോടെ പ്രധാനമന്ത്രി വീക്ഷിച്ചു. വേണ്ട സഹായങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ചെയ്തുകൊടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ദുരന്തമുഖങ്ങളിലെ ജനങ്ങളുടെ ദുരിതം നേരില്‍ കണ്ടറിയുകയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. കേന്ദ്രം നല്‍കിയ അളവറ്റസഹായങ്ങളും പിന്തുണയും മഹാപ്രളയം അതിജീവിക്കുന്നതിന് കേരള ജനതയെ വലിയ അളവില്‍ സഹായിച്ചു.

