Thursday, September 24, 2026

തൊട്ടതെല്ലാം വള്ളിക്കെട്ട്: പിണറായി സർക്കാറിനെ വേട്ടയാടുന്നത് അയ്യപ്പകോപമല്ലാതെ മറ്റെന്ത്

കേരളം ഇന്ന് അനുഭവിക്കുന്ന പ്രകൃതിദുരന്തങ്ങൾക്കും സംസ്ഥാന സർക്കാർ നേരിടുന്ന അന്തമില്ലാത്ത പ്രതിസന്ധികൾക്കും കാരണം അയ്യപ്പ ശാപമോ? പലരും ഇന്ന് രഹസ്യമായും ചിലരൊക്കെ എങ്കിലും പരസ്യമായും ചോദിക്കുന്ന ചോദ്യമാണ് ഇത്.

കലിയുഗ വരദനായ ശബരിമല അയ്യപ്പന്‍ ലോകമെന്പാടുമുള്ള ഹിന്ദുക്കളുടെ ആത്മീയ പ്രചോദനമാണ്. ഏകം സത് വി പ്രാ ബഹു ധാവ ദന്തി എന്നും വസുധൈവ കുടുംബകം എന്നും വാഴ്ത്തിയ ഹിന്ദുത്വത്തിന്‍റെ ശരിയായ ധര്‍മം അനുസരിച്ച് നില കൊള്ളുന്ന ആദ്ധ്യാത്മിക കേന്ദ്രമാണ് ശബരിമല. എന്ത് പ്രശ്നം ഉണ്ടെങ്കിലും ദീനാനുകന്പയോടെ ആപത് ബാന്ധവനായി നില കൊള്ളുന്ന അയ്യപ്പന്‍റെ സന്നിധിയില്‍ ശരണം വിളിയില്‍ അലിഞ്ഞുചേരാത്ത ദുരിതങ്ങള്‍ ഇല്ല. അയ്യപ്പസ്വാമിയുടെ മുന്നിൽ എല്ലാവരും സമന്മാരാണ്. അതിൽ രാഷ്ട്രീയമോ മതമോ ദേശമോ ഒന്നും ഒരു കാലത്തും തരംതിരിവിന് കാരണം ആയിട്ടില്ല . നാട്ടിൽ ജാതിയും വർണ വ്യത്യാസവും കൊടികുത്തി വാണ കാലത്തും കാനനവാസനാണ്യ അയ്യപ്പനെ തേടി വരുന്ന പാകതരിൽ ഒരു ഉച്ചനീചത്വവും ഉണ്ടായിരുന്നില്ല.

അങ്ങനെയുള്ള സമത്വത്തിന്റെ ആ മഹാസന്നിധിയാണ് ഇല്ലാത്ത ലിംഗവ്യത്യാസത്തിന്റെ പേര് പറഞ്ഞു ഒരു കോടതിവിധിയുടെ മറവിൽ രാഷ്ട്രീയലാഭത്തിനു വേദിയാകാൻ കേരളത്തിലെ ഇടതു സർക്കാർ ശ്രമിച്ചത്. ശബരിമല ക്ഷേത്രത്തെ കരുവാക്കി സ്ത്രീ സമത്വത്തിന്റെ വ്യകതക്കളായി സാമൂഹിക സ്വാദിനം വർധിപ്പിക്കാനുള്ള സിപിഎമ്മിന്റെ തന്ത്രം പക്ഷെ ശക്തമായി തിരിച്ചടിച്ചു. ജനപിന്തുണ ഒലിച്ചു പോയി എന്ന് മാത്രമല്ല, സ്വന്തം പാർട്ടി അണികൾ പോലും നേത്രത്വത്തെ കൈവിട്ടു. അയ്യപ്പനെ തൊട്ടു കളിക്കേണ്ട എന്ന ശക്തമായ താകീതായിരുന്നു ഇടതുപക്ഷത്തിന് ഈ കഴിഞ ലോക് സഭ തിരഞ്ഞെടുപ്പിൽ കിട്ടിയ മുഖമടച്ചുള്ള അടി.

ചരിത്രം പരിശോദിച്ചാൽ ശബരിമല ക്ഷേത്രത്തെയും ഹിന്ദു വിശ്വാസത്തെയും തകര്‍ക്കാനുള്ള ശ്രമങ്ങൾക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രത്യേകിച്ച് സി പി എം എക്കാലത്തും കുട പിടിച്ചിരുന്നു എന്ന് കാണാം. എന്നാൽ അത് ഒരിക്കലും വിജയിച്ചിട്ടില്ല. മതത്തിന്‍റെ സ്വാധീനം സഖാക്കളില്‍ കുറച്ചുകൊണ്ടുവരാന്‍ പാര്‍ട്ടിപ്ലീനം തീരുമാനം എടുക്കുന്പോള്‍ അത് വക വെക്കാതെ ആയിരക്കണക്കിന് സഖാക്കളാണ് ശബരിമല അയ്യപ്പനെ തേടി സന്നിധാനത്ത് എത്തുന്നത്. ശബരിമല ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മകള്‍ രൂപപ്പെടുന്നത് സി പി എമ്മിലെ അധമ രാഷ്ട്രീയ നേതൃത്വത്തിന് ഒരു കാലത്തും ദഹിച്ചിട്ടില്ല. സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയിലേക്ക് സംഘടിതമായി ആക്ടിവിസ്റ് യുവതികളെ അയക്കാന്‍ ശ്രമം നടത്തിയതും സി പി എമ്മിന്‍റെ ആസൂത്രിത പദ്ധതിയായായിരുന്നു .

ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധ വിശ്വാസം നശിക്കുമെന്ന് പ്രസ്താവിച്ചത് സി കേശവനാണെങ്കിലും നടപ്പിലാക്കിയത് സി പി എം ആയിരുന്നു. ഭാരതീയസംസ്കാരത്തോടും ജീവിതത്തോടും ജീവിത മൂല്യങ്ങളോടും എന്നും അനാദരവോടെ മാത്രമേ സി പി എം പെരുമാറിയിട്ടുള്ളൂ. ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് വിശ്വസിക്കുന്ന ഒരു വന്‍ ജനസമൂഹം കേരളത്തില്‍ മാത്രമല്ല ലോകമെന്പാടും ഉണ്ട്. രാഷ്ട്രീയവിശ്വാസത്തെക്കാൾ അത്തരം പാരമ്പര്യ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും വില കൊടുക്കുന്ന സമൂഹം ആണ് വിടുള്ളതെന്നു സിപിഎം നേതൃത്വം മറന്നു പോയി.

ആ സന്ദേശം കൃത്യമായി ശബരിമലക്കാലത്തെ നാമജപ ഘോഷയാത്ര കാണിച്ചുതന്നങ്കിലും കൂടുതൽ വാശിയോടെയും വീറോടെയും വിശ്വാസികളോട് പൊരുതാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചത്.

ശബരിമല കേസില്‍ സുപ്രീംകോടതി വിധി വന്നതോടെ വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യത്തിലും ദൈവ വിശ്വാസത്തിലും കൈ കടത്തുകയായിരുന്നു പിണറായി സര്‍ക്കാര്‍. ശബരിമല സ്ത്രീ പ്രവേശനത്തില്‍ നവോത്ഥാനം ഉദ്ഘോഷിക്കുന്ന സി പി എമ്മിന്‍റെ നിലപാട് കാപട്യമാണ്. സി പി എം നിയന്ത്രണത്തിലുള്ള കണ്ണൂര്‍ കല്യാശേരി കീച്ചേരിയിലെ പാലോട്ടുകാവില്‍ വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ മുറവിളികൂട്ടുകയായിരുന്ന സി പി എമ്മിന്‍റെയും പിണറായി വിജയന്‍റെയും കാപട്യമാണ് അവിടെ ബോധ്യപ്പെട്ടത്. മാസമുറയുടെ പേരില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കരുതെന്നായിരുന്നു ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ശബരിമലയും സ്ത്രീപ്രവേശനവും എന്ന ലേഖനത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയത്.

എം എ ബേബി ഉള്‍പ്പെടെ സി പി എമ്മിന്‍റെ മുതിര്‍ന്നനേതാക്കളെല്ലാം ശബരിമല വിശ്വാസികളെപരിഹസിച്ച് പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തിരുന്നു. ഋതുമതികളായ വനിതകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍പാടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡ‍ന്‍റ് എ പദ്മകുമാര്‍ പരസ്യ നിലപാട് എടുത്തപ്പോള്‍ പിണറായി ശാസിച്ച് നിലപാട് തിരുത്തി. ശബരിമലയില്‍ വിശ്വാസികളെ മാനസികമായി തളര്‍ത്താന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുകയായിരുന്നു മുഖ്യമന്ത്രിപിണറായിയും സഖാക്കളും. നവോത്ഥാന നായികമാരെന്ന പേരില്‍ അവിശ്വാസികള്‍ ശബരിമലയിലേക്ക് പോകാന്‍ തയ്യാറായപ്പോള്‍ അവര്‍ക്ക് അകന്പടി നല്‍കാന്‍ പോലീസ് തയ്യാറായി.

വേഷപ്രച്ഛന്നരായി എത്തിയ അവിശ്വാസികളെ ഒളിപ്പിച്ച് പോലീസ് മല കടത്തി. കഠിനവ്രതവുമായിവരുന്ന അയ്യപ്പ ഭക്തരെ ദ്രോഹിച്ചായിരുന്നു പോലീസിന്‍റെ ഈ കുത്സിത നീക്കം. ശബരിമല യുവതീ പ്രവേശവുമായിബന്ധപ്പെട്ട കര്‍മസമിതി മാര്‍ച്ചിന് നേരെ നടന്ന സി പിഎം കല്ലേറില്‍ കര്‍മസമിതി പ്രവര്‍ത്തകന്‍ മരിച്ച സംഭവവും ഉണ്ടായി. കര്‍മസമിതി പ്രവര്‍ത്തകനെ കല്ലെറിഞ്ഞുകൊന്ന കേസിലെ പ്രതികളെ കൂടുതല്‍ സ്ഥാനമാനങ്ങള്‍ നല്‍കിയായിരുന്നു സി പി എം എതിരേറ്റത്. മണ്ഡലകാലത്ത് പോലും അയ്യപ്പഭക്തരെ ദ്രോഹിച്ച പിണറായി വിജയനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കും പിന്നെ നേരിടേണ്ടി വന്നത് അയ്യപ്പകോപം തന്നെയാണ്.

സമദൂരത്തില്‍ നിന്നിരുന്ന എൻ് എസ് എസ് സര്‍ക്കാരിനെതിരെ പരസ്യ നിലപാടെടുത്തു.ഭക്തരെ അണിനിരത്തി സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് എന്‍എസ്എസ് പിന്തുണ നല്‍കിയതോടെ സര്‍ക്കാരും പ്രതിരോധത്തിലായി. കേരളം നേരിട്ട ചരിത്രത്തിലെ ഏറ്റവും ഭയാനകമായ പ്രളയത്തില്‍ തുടങ്ങുന്നു അയ്യപ്പകോപം. അയ്യപ്പഭക്തരെ കിട്ടുന്ന അവസരങ്ങളിലെല്ലാം അപഹസിച്ച പിണറായിക്കും കോടിയേരിക്കുമെല്ലാം കിട്ടിയത് ഉഗ്രന്‍ പണികളാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്ന് കരുതിയിരുന്ന പാലക്കാടും ആറ്റിങ്ങലും കൈവിട്ടു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏറ്റുവാങ്ങിയത് നാണം കെട്ട തോല്‍വിയാണ്.

ആര്‍ക്കും ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു ഭഗവാന്‍റെ ലീലാവിലാസം.കിട്ടുന്ന അവസരങ്ങളിലെല്ലാം അയ്യപ്പഭക്തരെ അപഹസിച്ച കോടിയേരി ബാലകൃഷ്ണനും അയ്യപ്പകോപം മൂലം പണി കിട്ടി. മൂത്തമകന്‍ ബിനോയ് കോടിയേരിക്ക് ദില്ലിയിലെ ബാര്‍ ഡാന്‍സറില്‍ ഒരു കുഞ്ഞുണ്ടെന്ന ആരോപണവും കേസും കോടിയേരി കുടുംബത്തെ പാടെ തളര്‍ത്തി.ഭക്തരെ അപഹസിച്ച പി കെ ശ്രീമതിക്ക് ഇക്കുറി കണ്ണൂരില്‍ നിന്നും ലോക്സഭയിലേക്ക് എത്താനായില്ല. ശബരിമല സമരത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ കണ്ണൂരില്‍ നിന്ന് ജയിച്ചുകയറുകയും ചെയ്തു.

എന്നാൽ കേരളം മാറി എന്നും ഹിന്ദുക്കള്‍ ഒന്നിച്ചാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ പേരില്‍ ഹിന്ദുക്കളെ അവഹേളിക്കുകയും ചൂഷണം ചെയ്യുകയും പതിവാക്കിയ രാഷ്ട്രീയക്കാര്‍ക്ക് പണി പാളും എന്ന യാഥാർഥ്യം അദ്ദ്ദേഹത്തിനും പാർട്ടിയിലെ ഏറാൻ മൂളികൾക്കും മനസ്സിലാക്കാൻ ഒരു തിരഞ്ഞെടുപ്പ് വേണ്ടി വന്നു.

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലും പിണറായിയുടെ ശബരിമല നിലപാടിനെ മറ്റ് പാര്‍ട്ടിക്കാര്‍ വിമര്‍ശിച്ചു. ശബരിമലയുടെ പേരില്‍ പാര്‍ട്ടി കുടുംബങ്ങളുടെ വോട്ട് പോലും തെരഞ്ഞെടുപ്പില്‍ നഷ്ടമായതോടെ വീടുകള്‍ തോറുമുള്ള സന്ദര്‍ശനത്തിന് തയ്യാറാകേണ്ടി വന്നു പിണറായിയുടെ പാര്‍ട്ടിക്ക്. ശബരിമല കേസില്‍ കോടതി വിധി നടപ്പാക്കാനുണ്ടായ ആവേശം ഇനി വേണ്ടെന്നാണ് സി പി എം തീരുമാനം. തീവ്രനിലപാട് കാരണം ഉണ്ടായ തിരിച്ചടി ഒരുകാലത്തും മറക്കാന്‍പറ്റാത്തത്രയായിരുന്നു.

സംസ്ഥാനത്ത് പ്രളയ സാധ്യത ഉയര്‍ത്തികൊണ്ട് പേമാരിയും കൊടുങ്കാറ്റും ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിച്ചത് അയ്യപ്പ സ്വാമിക്കുണ്ടായിട്ടുള്ള ദുഖത്തില്‍ നിന്നും ക്രോധത്തില്‍ നിന്നുമാണെന്നാണ് ഭക്തരുടെ വിശ്വാസം.കേരളത്തിലെ പ്രളയക്കെടുതിക്ക് കാരണം ശബരിമലയില്‍ സ്ത്രീപ്രവേശനമെടുത്ത സര്‍ക്കാര്‍ നടപടിയാണെന്ന് ആര്‍എസ്എസ് നേതാവും ആര്‍ബിഐ ഡയറക്ടറുമായ എസ് ഗുരുമൂര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു. കേരളചരിത്രത്തിലെ ഒരു കാലത്തും ഇല്ലാത്ത പ്രളയത്തിനു പിന്നിലുള്ള കാരണത്തെ തുറന്നു കാണിയ്ക്കുകയാണ് പന്തളം കൊട്ടാരത്തിലെ മകം തിരുന്നാള്‍ തന്വംഗി തമ്പുരാട്ടി.

പ്രളയത്തിനു പിന്നില്‍ അയ്യപ്പകോപമാണെന്ന പ്രചരണത്തിന് ശക്തി പകരുകയാണ് അവര്‍. നൂറു വയസ്സു പൂര്‍ത്തിയായ തന്വംഗി തമ്പുരാട്ടി ഞെട്ടലോടെയാണ് മഹാ പ്രളയത്തെ നോക്കി കണ്ടത്. 1999 ലെ വെള്ളപ്പൊക്കത്തിനും മകം തിരുന്നാള്‍ തന്വംഗി തമ്പുരാട്ടി. സാക്ഷിയായിരുന്നു.യുവതികള്‍ ശബരിമല ക്ഷേത്രത്തില്‍ കയറാന്‍ പാടില്ലെന്നും 41 ദിവസത്തെ ഭജനമിരുന്നു വേണം മല ചവിട്ടാനെന്നും എന്തിനാണ് ഈ ആചാരം തെറ്റിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. ആര്‍ക്കും പമ്പയാറ് കടന്നു പോകാന്‍ കഴിയാത്തതും നിറപുത്തരിക്കും ഓണപൂജക്കും ശബരിമലയില്‍ ശാന്തിക്കാരന്‍ മാത്രമായതും പാലം പോലും മുങ്ങിപ്പോയതുമെല്ലാം അപകട സിഗ്നലായാണ് തമ്പുരാട്ടി കാണുന്നത്. 1979-ലെ വെള്ളപ്പൊക്കത്തില്‍ ശബരിമലയിലേക്ക് ഭക്തര്‍ക്ക് പോകാന്‍ കഴിഞ്ഞിരുന്നു. 99ലെ വലിയ വെള്ളപ്പൊക്കത്തിലും അതിനു വിഘാതമുണ്ടായിരുന്നില്ലന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു1924-ലെ വെള്ളപ്പൊക്കം ഭീകരമായിരുന്നു. മുറ്റം വരെ വെള്ളമെത്തിയപ്പോള്‍ പേടിച്ചു പോയി. ‘പേടിക്കണ്ട’ എന്ന് ആരോ പറഞ്ഞതായി ഉളളില്‍ കേട്ടു. ഇത്തവണയും ആ ഉള്‍വിളി ഉണ്ടായതായും തമ്പുരാട്ടി പറയുന്നു.

ഏറ്റവും അവസാനം ശബരിമലയില്‍ നടന്ന ദേവപ്രശ്നത്തിലും പമ്പയാറ് ഗതിമാറി ഒഴുകുമെന്ന് കണ്ടിരുന്നുവെന്നും അതിന് പരിഹാരമായി പൂജകള്‍ ചെയ്തിരുന്നുവെങ്കിലും ഈ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും ആശങ്ക പങ്കുവച്ച് തന്വംഗി തന്പുരാട്ടി പറഞ്ഞു.
എന്തായാലും, വിശ്വാസികള്‍ അയ്യപ്പകോപം എന്ന് പറഞ്ഞത് വെറുതെയല്ലെന്ന് നിരീശ്വര വാദികളായ സൈബര്‍സഖാക്കള്‍ക്കും ഇപ്പോള്‍ തോന്നിതുടങ്ങിയിട്ടുണ്ട്. ശബരിമലയില്‍ വിശ്വാസികള്‍ എതിരായതാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ന് ഒടുവില്‍ കോടിയേരിബാലകൃഷ്ണന് സമ്മതിക്കേണ്ടിവന്നു.ശബരിമലയിലെ ആചാരം സംരക്ഷിക്കാനുള്ള നിയമം നിര്‍മിക്കണമെന്ന ആവശ്യവുമായി മന്ത്രി കടകംപള്ളിസുരേന്ദ്രനും രംഗത്തുണ്ട്.

കാസര്‍ഗോഡ് സി പി എമ്മിന്‍റെ പൊന്നാപുരം കോട്ടയില്‍ വിജയം നേടിയശേഷം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി പിണറായി വിജയനോടായി പറഞ്ഞ കാര്യങ്ങളും ഇവിടെ പ്രസക്തമാണ്. ” നിങ്ങള്‍ 41 ദിവസം മാലയിട്ട് വ്രതമെടുക്കണം, എന്നിട്ട്, 41ആം ദിവസം ശബരിമലയിലേക്ക് പോകണം. 18 പടികള്‍ ചവിട്ടണം. അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണം എന്ന് പറയണം. ഇല്ലെങ്കില്‍, നിങ്ങളുടെ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിലും കേരളത്തില്‍ ജയിക്കാന്‍ പോകുന്നില്ല.കാരണം, അയ്യപ്പ കോപം ഇവര്‍ക്കുണ്ട്. കേരളം വിശ്വാസികളുടെ നാടാണ്. നിരീശ്വരവാദികളുടെ നാടല്ല. അതുകൊണ്ട് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ക്കും സുപ്രീം കോടതിയുടെ വിധിയില്‍ ശബരിമലയെ അട്ടിമറിക്കാന്‍ വളരെ ഹീനമായ നാടകം കളിച്ച പിണറായി വിജയനും അയ്യപ്പന്‍ കൊടുത്ത പണിയാണ് ഈ പണി”യെന്നായിരുന്നു ഉണ്ണിത്താന്‍റെ പ്രസ്താവന.

അയ്യപ്പകോപം മൂലം തൊട്ടതെല്ലാം വള്ളിക്കെട്ടാകുന്പോള്‍ ഇതില്‍ നിന്നെല്ലാം മോചനത്തിനായി പിണറായി വിജയനും മന്ത്രിമാരും ഇനി രഹസ്യമായെങ്കിലും അയ്യപ്പനെ ശരണം പ്രാപിക്കുമോ ? ? കാത്തിരുന്നു കാണാം..

Related Articles

Latest Articles