മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും പെയ്യുന്ന കനത്ത മഴയെ തുടർന്ന് റെയിൽഗതാഗതം താറുമാറായി. വാപി – ഉദ് വാഡ സെക്ഷനിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയും ട്രാക്കുകളിൽ വെള്ളം കയറുകയും ചെയ്തതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള പ്രമുഖ ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടാൻ തീരുമാനിച്ചു. കൊച്ചുവേളി – അമൃതസർ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – നിസാമുദ്ദീൻ എക്സ്പ്രസ് എന്നീ ട്രെയിനുകൾ പൻവേലിൽ നിന്നും ജൽഗാവ് – പാൽധി – ഉദ്ന വഴി തിരിച്ചുവിട്ട് സൂറത്തിൽ എത്തിക്കാനാണ് റെയിൽവേ അധികൃതർ നൽകിയ വിശദീകരണം. ഇതോടൊപ്പം സൂറത്ത്, ഉദ്ന മേഖലകളിൽ നിന്നുള്ള ആറ് ട്രെയിനുകൾ പൂർണ്ണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
മേഖലയിൽ പ്രകൃതി ദുരന്തത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഗുജറാത്തിലെ 20 ജില്ലകളിലും മഹാരാഷ്ട്രയിലെ പൂനെ അടക്കമുള്ള അഞ്ച് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ കനത്ത നാശനഷ്ടങ്ങളും ഗതാഗത തടസ്സങ്ങളുമാണ് റിപ്പോർട്ട് ചെയ്യുന്നത്. വരും മണിക്കൂറുകളിലും ശക്തമായ കാറ്റോടുകൂടിയ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ ജാഗ്രത പാലിക്കാൻ ഭരണകൂടം ജനങ്ങളോട് നിർദ്ദേശിച്ചു.

