റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അവസാന കേസിലും ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് (Lalu Prasad Yadav) കുറ്റക്കാരനെന്ന് കോടതി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. 26 വർഷങ്ങൾക്ക് ശേഷമാണ് കേസിലാണ് വിധി വന്നത്. അതേസമയം ശിക്ഷാവിധി ഈ മാസം 18 ന് കോടതി പ്രഖ്യാപിക്കും.
വ്യാജ ബില്ലുണ്ടാക്കി ചായ്ബാസാ ട്രഷറിയില്‍ നിന്ന് 34 കോടിരൂപ തട്ടിയെടുത്തെന്നാണ് കേസ്. 1992-93 കാലഘട്ടത്തായിരുന്നു തട്ടിപ്പ് നടന്നത്. ലാലുവിനു പുറമേ ആർ.കെ.റാണ, വിദ്യാസാഗർ നിഷ, ധ്രുവ് ഭഗത്, മുൻ ചീഫ് സെക്രട്ടറി സജൽ ചക്രബോർതി, ഐഎഎസ് ഉദ്യോഗസ്ഥരായ ഫൂൽ ചന്ദ് സിങ്, മഹേഷ് പ്രസാദ് എന്നിവരും കുറ്റക്കാരെന്നു കോടതി വിധിച്ചു. കേസിൽ 56 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 6 പേരെ വെറുതെ വിട്ടു. അതേസമയം ആദ്യത്തെ നാലു കേസുകളിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലാലുവിനു ജാമ്യം ലഭിച്ചിരുന്നു. 2017 ഡിസംബർ മുതൽ മൂന്നര വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച ശേഷമാണു ലാലുവിനു ജാമ്യം അനുവദിച്ചത്.

