Tuesday, May 21, 2024
spot_img

”മുഖ്യമന്ത്രിയും, സിപിഎമ്മും അറിഞ്ഞുകൊണ്ട് മൂടിവച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞത്”; ബിഷപ്പിനെ അനുകൂലിച്ചും, സിപിഐഎം പുറത്തിറക്കിയ കുറിപ്പിനെ പരിഹസിച്ചും ദീപികയില്‍ ലേഖനം

തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഎമ്മും അറിഞ്ഞുകൊണ്ട് മൂടിവച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതെന്ന് ദീപികയിൽ ലേഖനം. തീവ്രവാദ കേസുകളിലെ സിപിഎം നിലപാടിനു പിന്നാലെയാണ് ദീപിക ദിനപത്രത്തിൽ വീണ്ടും ലേഖനം വന്നിരിക്കുന്നത്. അസോസിയേറ്റ് എഡിറ്റർ സി.കെ.കുര്യാച്ചൻ ആണ് ലേഖനം എഴുതിയിരിക്കുന്നത്. ‘യാഥാര്‍ഥ്യം തിരിച്ചറിഞ്ഞവരും അജ്ഞത നടിക്കുന്നവരും’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ബിഷപ്പ് പറഞ്ഞ നാര്‍ക്കോട്ടിക് ജിഹാദം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ പാർട്ടിയും അറിഞ്ഞു കൊണ്ടു മൂടി വയ്ക്കാൻ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്നാണ് പ്രധാനമായും ലേഖനത്തിൽ പറയുന്നത്. സിപിഎം സർക്കുലറിൽ പറഞ്ഞതും, ബിഷപ്പ് പറഞ്ഞതും, ഒരേ കാര്യങ്ങളാണെന്നും ലേഖനത്തിലുണ്ട്. ബിഷപ്പ് പറഞ്ഞതിന് മതത്തിൻ്റെ പരിവേഷം നൽകാൻ ചിലർ ശ്രമിച്ചു. സിപിഎം ഇപ്പോൾ യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്നു. എന്നാൽ വി ഡി സതീശൻ്റേത് ക്ലീൻ ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണെന്നും ദീപികയുടെ ലേഖനത്തിൽ വിമർശനമുണ്ട്.

മാത്രമല്ല, ചങ്ങനാശ്ശേരിയിൽ നിന്നു തന്നെ കാര്യങ്ങൾ മനസിലായതു കൊണ്ടാണ് പാലായിലേക്ക് പോകാതിരുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ വാദത്തെയും പരിഹസിച്ചിട്ടുണ്ട്. ബിജെപിക്ക് കാര്യങ്ങൾ ബോധ്യമുണ്ടെങ്കിൽ നടപടി എടുക്കുകയാണ് വേണ്ടതെന്നും, താലിബാൻ വർഗ്ഗീയതയെ താലോലിക്കുന്നവരുടെ നാവും തൂലികയുമാവാൻ സമൂഹം നിന്നു കൊടുക്കരുതെന്നും ലേഖനത്തിൽ പറയുന്നു. അതേസമയം, മന്ത്രി വി എൻ വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചതിനെ വിമർശിച്ച് സുന്നി മുഖപത്രം ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേട്ടക്കാരന് മന്ത്രി പുംഗവൻ ഹാലേലുയ്യ പാടുന്നുവെന്നാണ് മുസ്തഫ മുണ്ടുപാറയുടെ ലേഖനം പറയുന്നത്. വ്യത്യസ്ത മത വിഭാഗങ്ങൾക്ക് വ്യത്യസ്ത നീതിയെന്ന പരാതിയും ലേഖനത്തിലുണ്ട്.

Related Articles

Latest Articles