Tuesday, November 3, 2026

വയനാട് ദ്വാരക എയുപി സ്കൂളിൽ ഭക്ഷ്യ വിഷബാധ; 193 കുട്ടികള്‍ ചികിത്സ തേടി

മാനന്തവാടി : ഭക്ഷ്യ വിഷബാധയെ തുടർന്ന് ദ്വാരക എയുപി സ്കൂളിലെ 193 വിദ്യാർത്ഥികൾ ചികിത്സ തേടി. പീച്ചങ്കോട് പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രം, വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലായാണ് കുട്ടികൾ ചികിത്സ തേടിയത്. വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ച വിദ്യാർത്ഥികൾ ഛർദിയും വയറിളക്കവും പനിയും അനുഭവപ്പെട്ടത്. 73 കുട്ടികൾ നിരീക്ഷണത്തില്‍ തുടരുകയാണ്. ആർക്കും ഇതുവരെ ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് വയനാട് ഡിഎംഒ അറിയിച്ചു.

ആദ്യം പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തിയ വിദ്യാർഥികളെ വിദഗ്ധ ചികിത്സയ്ക്കായി വയനാട് ഗവ. മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ചോറും സാമ്പാറും മുട്ടയും വാഴയ്ക്കാ തോരനുമായിരുന്നു കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകിയത്.ഇന്നലെ രാവിലെ സ്കൂളിൽ വന്ന ചില കുട്ടികൾക്കാണ് ആദ്യം അസ്വസ്ഥതകൾ ഉണ്ടായത്. വൈകുന്നേരത്തോടെ കൂടുതൽ കുട്ടികൾക്ക് പ്രശ്നങ്ങളുണ്ടായി. രാത്രിയോടെ കൂടുതൽ കുട്ടികൾ ആശുപത്രിയിലെത്തി. ഏകദേശം 1300 കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. ജില്ലാ കളക്ടർ രാവിലെ യോഗം ചേർന്ന് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. അതേസമയം, വിദ്യാഭ്യാസ മന്ത്രിക്ക് നിലവിലെ നടപടികളെ കുറിച്ച് ഇടക്കാല റിപ്പോർട്ട് കളക്ടർ ഇന്ന് സമർപ്പിക്കും. സ്കൂളിലെ കുടിവെള്ളത്തില്‍ നിന്നോ തൈരില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. സാംപിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Related Articles

Latest Articles