Sunday, January 11, 2026

സംസ്ഥാനത്ത് ഷവർമ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് ; മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു

സംസ്ഥാനത്ത് ഷവർമ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രിയിൽ നടത്തിയ 1557 പരിശോധനകളിൽ, ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കുകയും 263 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 256 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകുകയും ചെയ്തു. ഷവർമ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള പരിശോധനകളും നടന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. മാത്രമല്ല പാഴ്‌സലില്‍ തീയതിലും സമയവും കൃത്യമായി രേഖപ്പെടുത്തണം. എഫ്.എസ്.എസ്. ആക്ട് പ്രകാരം ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ വ്യാപാരം ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പരാതിയുള്ളവര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്.

ഷവർമ പരിശോധനയുടെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം പോളയത്തോട് നടത്തിയ പരിശോധനയിൽ 60 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്തതായും മന്ത്രി അറിയിച്ചു.

Related Articles

Latest Articles