ദില്ലി : ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് പിടിയിലായ ലഷ്കർ കമാൻഡർ ഷബീർ അഹമ്മദ് ലോണിനെ ചോദ്യം ചെയ്തതിൽ നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ദില്ലിയിലെ പ്രമുഖ ക്ഷേത്രങ്ങളും തിരക്കേറിയ വിപണികളും ലക്ഷ്യമിട്ട് വൻ ഭീകരാക്രമണ പദ്ധതിയാണ് ഇയാൾ ആസൂത്രണം ചെയ്തത്. ഷബീർ അഹമ്മദ് ലോണിനെ ഗാസിപൂർ മേഖലയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ദില്ലിയിലെ പ്രശസ്തമായ കൽക്കാജി ക്ഷേത്രം, ലോട്ടസ് ടെമ്പിൾ, ഛത്തർപൂർ ക്ഷേത്രം എന്നിവിടങ്ങളിൽ ഇയാൾ വിശദമായ നിരീക്ഷണം നടത്തിയതായും ഇതിന്റെ ദൃശ്യങ്ങൾ പാകിസ്ഥാനിലെ ലഷ്കർ കേന്ദ്രങ്ങളിലേക്ക് അയച്ചു കൊടുത്തതായും സമ്മതിച്ചു. കൂടാതെ കൊണാട്ട് പ്ലേസ്, പഹർഗഞ്ച് തുടങ്ങിയ ജനത്തിരക്കേറിയ ഇടങ്ങളും ഭീകരരുടെ ലക്ഷ്യപ്പട്ടികയിലുണ്ടായിരുന്നു. ഇന്ത്യ വിരുദ്ധ പോസ്റ്ററുകൾ പതിച്ച കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശികൾ ഉൾപ്പെട്ട ഭീകരസംഘത്തിന്റെ മുഖ്യ ആസൂത്രകനാണ് ഷബീർ.
പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ‘ദ റെസിസ്റ്റൻസ് ഫ്രണ്ട്’ (TRF) മാതൃകയിൽ പുതിയ ഭീകര സംഘടന രൂപീകരിക്കാൻ പദ്ധതിയുണ്ടായിരുന്നതായും ലോൺ വെളിപ്പെടുത്തി. ഇയാളുടെ പക്കൽ നിന്നും ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ കറൻസികളും നേപ്പാളി സിം കാർഡും കണ്ടെടുത്തിട്ടുണ്ട്. 2007-ൽ എകെ-47 തോക്കുകളുമായി പിടിയിലായിട്ടുള്ള ഇയാൾ, ഹാഫിസ് സയീദ് ഉൾപ്പെടെയുള്ള ഭീകരനേതാക്കളുമായി നേരിട്ട് ബന്ധമുള്ളയാളാണ്. മുസാഫറാബാദിലെ ലഷ്കർ ക്യാമ്പുകളിൽ നിന്ന് അത്യാധുനിക ആയുധ പരിശീലനം നേടിയ ഇയാളെ പാട്യാല ഹൗസ് കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

