ദില്ലി: അനധികൃതമായി അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ട്രമ്പ് ഭരണകൂടം ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തിൽ രാജ്യസഭയിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ലെന്നും 2009 മുതൽ തിരിച്ചയയ്ക്കുന്നുണ്ടെന്നും പ്രതികരിച്ചു.
“നിയമവിരുദ്ധമായി തങ്ങുന്നവരെ തിരിച്ച് സ്വീകരിക്കാൻ ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടത്. അനധികൃത കുടിയേറ്റ ഏജൻസികൾക്കെതിരെ കടുത്ത നടപടി വേണം. 104 പേർ മടങ്ങി വരുന്ന കാര്യം അറിയാമായിരുന്നു.വിമാനം ഇറങ്ങാൻ അനുമതി ഇന്ത്യ നൽകിയിരുന്നു. മടങ്ങിയെത്തിയവരിൽ നിന്ന് ഏജൻറുമാരുടെ വിവരം ശേഖരിച്ചിട്ടുണ്ട്.” – ജയശങ്കർ പറഞ്ഞു. ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങിട്ട് തിരിച്ചയച്ച രീതിയുൾപ്പെടെ വിവാദമായതിൻ്റെ പശ്ചാത്തലത്തിലാണ് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം.

