പാലക്കാട്: ചിന്നക്കനാൽ ജനതയുടെ ഉറക്കം കെടുത്തുന്ന അരികൊമ്പന്റെ പുനരധിവാസത്തിൽ അവ്യക്തത നിലനിൽക്കെ പറമ്പിക്കുളത്തേക്ക് മാറ്റുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി വനം വകുപ്പ്.വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിന്റെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള ശ്രമങ്ങളാണ് വനംവകുപ്പ് തുടങ്ങിയത്. അടുത്ത ആഴ്ച തന്നെ ദൗത്യം പൂർത്തിയാക്കണമെന്നാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴുളള സ്ഥലത്തു നിന്നും മറ്റെവിടേക്കെങ്കിലും മാറിയാൽ അരിക്കൊമ്പനെ പിടികൂടുന്നത് വിഷമകരമാകും. കോടതി കൃത്യമായ നിരീക്ഷിക്കുന്നതിനാൽ എല്ലാ നടപടികളും പൂർത്തിയാക്കിയായിരിക്കും പിടികൂടുക.
അതേസമയം അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്ത് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഒരു കാരണവശാലും അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരാൻ അനുവദിക്കില്ലെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും മുതലമട പഞ്ചായത്ത് വ്യക്തമാക്കിട്ടുണ്ട്. നിയമപരമായും ജനകീയമായും വിഷയത്തിൽ പോരാടാനാണ് പറമ്പിക്കുളത്തുകാരുടെ തീരുമാനം.
അതിനിടെ അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് നേതാക്കൾ പാലക്കാട് കളക്ടറെ കണ്ട് നിവേദനം സമർപ്പിച്ചു. ആക്രമണ സ്വഭാവമുള്ള ആന പറമ്പിക്കുളം വനമേഖലയിൽ വന്നാൽ പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാവും. മേഖലയിൽ പൂപ്പാറ, എർത്ത്ഡാം, അഞ്ചാംകോളനി, കടവ്, പിഎപി, കുരിയർകുറ്റി, സുങ്കം, കച്ചിത്തോട്, തേക്കടി അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവൻപാടി, പെരിയചോല, വരടികുളം, തുടങ്ങി 13 കോളനികൾ ഈ പ്രദേശത്ത് ഉണ്ട്.

