Thursday, May 16, 2024
spot_img

ഭീകരരുടെ നുഴഞ്ഞ് കയറ്റം തടയാന്‍ നാവിക സേനയുടെ പ്രത്യേക തിയറ്റര്‍ കമാന്‍ഡ് രൂപീകരണം ഉടന്‍

ദില്ലി: കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കടല്‍ അതിര്‍ത്തിവഴി ഭീകരരുടെ നുഴഞ്ഞുകയറ്റവും ആക്രമണവും തടയുന്നതിനു നാവികസേനയുടെ കീഴില്‍ പ്രത്യേക തിയേറ്റര്‍ കമാന്‍ഡ് രൂപീകരിക്കുമെന്ന് സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കിഴക്കന്‍-പടിഞ്ഞാറന്‍ നാവിക കമാന്‍ഡുകളെ സംയോജിപ്പിച്ചാണിത്. പാകിസ്ഥാനുമായി സംഘര്‍ഷം നിലനില്‍ക്കുന്ന ജമ്മുകശ്മീരിനായി പ്രത്യേക തിയേറ്റര്‍ കമാന്‍ഡും രൂപീകരിക്കും. പ്രതിരോധസേനയെ പൂര്‍ണമായും ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായാണു നടപടി.

ബംഗാള്‍ ഉള്‍ക്കടലിനും അറബിക്കടലിനും പ്രത്യേക കമാന്‍ഡ് എന്നതിനുപകരം ഇന്ത്യന്‍ മഹാസമുദ്രത്തെ ഒറ്റ യൂണിറ്റായി കണ്ടാവും ഇനി സംരക്ഷിക്കുകയെന്ന് ബിപിന്‍ റാവത്ത് തിങ്കളാഴ്ച പറഞ്ഞു. ഇതിനായുള്ള തിയേറ്റര്‍ കമാന്‍ഡ് (മൂന്നു സേനകളും ഒന്നിച്ചിടപെടുന്ന സംയുക്ത കമാന്‍ഡുകള്‍ക്ക് സൈനികഭാഷയിലുള്ള പേര്) രൂപവത്കരിക്കുമ്പോള്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യം പഠിക്കാന്‍ മാര്‍ച്ച് 31-നകം നിര്‍ദേശം പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജമ്മുകശ്മീരിനു കര-വ്യോമ-നാവിക സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമ്പോള്‍ പ്രത്യേക തിയേറ്റര്‍ കമാന്‍ഡ് ഉണ്ടാക്കും. കരസേനയ്ക്കും വ്യോമസേനയ്ക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന കമാന്‍ഡാവും ജമ്മുകശ്മീരില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.

2021 ആദ്യത്തോടെ വ്യോമസേനയുടെ കീഴില്‍ വ്യോമപ്രതിരോധ കമാന്‍ഡും അവസാനത്തോടെ നാവികസേനയുടെ കീഴില്‍ ഉപദ്വീപ് കമാന്‍ഡും നിലവില്‍ വരും. വ്യോമ കമാന്‍ഡിനു കീഴില്‍ എല്ലാ ദീര്‍ഘദൂര മിസൈലുകളും മറ്റു വ്യോമപ്രതിരോധ സാമഗ്രികളും വിന്യസിക്കും. കൂടാതെ, പ്രത്യേക പരിശീലന-ബോധന കമാന്‍ഡിനും ബഹുതല സര്‍വീസ് ലോജിസ്റ്റിക് കമാന്‍ഡിനും രൂപം നല്‍കുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

വന്‍ തുകയുടെ ഇടപാടായ 114 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്ന കാര്യത്തില്‍ സേനയ്ക്ക് അനുകൂല സമീപനമാണ്. തദ്ദേശീയമായി വികസിപ്പിക്കുന്ന വിമാനവാഹിനിയുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തിയശേഷമേ മൂന്നാമത്തേതു വാങ്ങുന്ന കാര്യം പരിഗണിക്കൂവെന്നും അദ്ദേഹം പറഞ്ഞു. വിമാനവാഹിനിയെക്കാള്‍ നാവിക സേനയ്ക്കിപ്പോള്‍ ആവശ്യം അന്തര്‍വാഹിനി ആണെന്നും ജനറല്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles