Friday, September 18, 2026

ശബരിമല യുവതീപ്രവേശന ദിവസം തന്നെയും എഡിജിപിയെയും സന്നിധാനത്ത് നിന്ന് ബോധപൂർവം മാറ്റിനിർത്തി; പാർട്ടിയിലെ ഉന്നതനെതിരെ ഗുരുതര ആരോപണവുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനം നടന്ന ദിവസം തന്നെയും അന്നത്തെ എഡിജിപി ശ്രീജിത്തിനെയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റിനിർത്തിയതാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ രംഗത്ത്. പാർട്ടിയിലും ഭരണനേതൃത്വത്തിലും ഒരുപോലെ സ്വാധീനമുള്ള ഒരു ഉന്നതനാണ് ഇതിനുപിന്നിൽ ചരടുവലിച്ചതെന്നാണ് പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കിയത്.

യുവതികൾ സന്നിധാനത്ത് പ്രവേശിച്ച വിവരം താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അന്ന് ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാൽ തിരുവനന്തപുരത്ത് എത്തിയെങ്കിലും ആരോപണവിധേയനായ ഉന്നത വ്യക്തിയെ കാണാൻ തനിക്ക് അനുമതി നൽകിയില്ലെന്നും പത്മകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്.

വരാനിരിക്കുന്ന തന്റെ ആത്മകഥയിൽ യുവതീപ്രവേശന കാലത്തെ അണിയറക്കഥകളും വിവാദങ്ങളും തുറന്നെഴുതുമെന്നാണ് സൂചന.
ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും ദേവസ്വം ബോർഡ് രേഖകളിൽ ‘ചെമ്പ്’ എന്ന് എഴുതിച്ചേർത്തതിനെക്കുറിച്ചുള്ള വിവരങ്ങളും ആത്മകഥയിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

രേഖകളിൽ അത്തരമൊരു മാറ്റം വരുത്തിയത് മറ്റാരോ ആണെന്നും അതിൽ ഒപ്പിടാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്നും പത്മകുമാർ സുഹൃത്തുക്കളോട് പങ്കുവെച്ചിട്ടുണ്ട്. അതേസമയം, സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ചർച്ച ചെയ്യാൻ നാളെ സിപിഎം ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് ഈ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുള്ളത്.

പാർട്ടിയിൽ നിന്ന് നേരിടാൻ സാധ്യതയുള്ള അച്ചടക്ക നടപടികളിൽ നിന്ന് ഒഴിഞ്ഞുമാറാനും നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താനുമുള്ള ഒരു തന്ത്രത്തിന്റെ ഭാഗമാണ് ഈ പുതിയ തുറന്നുപറച്ചിലുകളെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ വിലയിരുത്തുന്നത്. ഏതായാലും രാഷ്ട്രീയ വൃത്തങ്ങളിലും ഭക്തരിലും വലിയ ചർച്ചകൾക്കാണ് ഈ വെളിപ്പെടുത്തൽ ഇപ്പോൾ വഴിവെച്ചിരിക്കുന്നത്.

Related Articles

Latest Articles