Sunday, September 27, 2026

മുന്‍ ഡി ജി പി ടി പി സെന്‍കുമാര്‍ ഇനി അഡ്വ ടി പി സെന്‍കുമാര്‍

കൊച്ചി: മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു. ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് സെന്‍കുമാര്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തത്. 270 പേരുടെ പുതിയ ബാച്ചില്‍ എണ്‍പത്തിയൊന്നാമനായാണ് സെന്‍കുമാര്‍ എന്‍ റോള്‍ ചെയ്തത്. ഹൈക്കോടതി ജസ്റ്റിസ് പി.ഉബൈദ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. തന്‍റെ പൊതുപ്രവര്‍ത്തന ജീവിതത്തിന് അഭിഭാഷകവൃത്തി അത്യാവശ്യമാണെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിണറായി സര്‍ക്കാരിനെതിരെ കേസ് ജയിച്ചാണ് അദേഹം പോലീസ് മേധാവിയായി തിരികെ എത്തിയത്.

1994 ല്‍ തന്നെ തിരുവന്തപുരം ലോ കോളജില്‍ നിന്നും ടി പി സെന്‍കുമാര്‍ നിയമ പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഗവര്‍ണറുടെ എ.ഡി.സിയായി ജോലി നോക്കുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തിരുന്നില്ല. ഐ.പി.എസ് കാലം കഴിഞ്ഞും ജീവിക്കാനായി നേരത്തെ കണ്ടു വച്ച ജോലിയാണിത്. എന്നാല്‍ സ്വന്തം കേസുകള്‍ കോടതിയില്‍ വാദിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ടി പി സെന്‍കുമാര്‍ പറയുന്നത്.

ഇതിനിടെ വക്കീല്‍ കുപ്പായമണിയാതെ തന്നെ ഹൈക്കോടതിയില്‍ ഒരിക്കല്‍ വാദിക്കുകയും ചെയ്തിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെയാണ് സെന്‍കുമാര്‍ ഹൈക്കോടതിയില്‍ കേസ് വാദിച്ചത്.

Related Articles

Latest Articles