മീററ്റ് : മുൻ ഇന്ത്യൻ പേസർ താരം പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചു. ഇന്നലെ രാത്രി 9.30ഓടെ മീററ്റിൽവച്ച് ഇവര്‍ സഞ്ചരിച്ച എസ്‍യുവി കാർ ട്രെയിലർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നെങ്കിലും പ്രവീൺ കുമാറും മകനും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
‘‘ദൈവാനുഗ്രഹം കൊണ്ടാണ് ഞങ്ങൾ പരിക്കേൽക്കാതെ രക്ഷപെട്ടതും, ഇപ്പോൾ നിങ്ങളോടു സംസാരിക്കുന്നതും. ബന്ധുവിനെ യാത്രയാക്കിയ ശേഷം തിരികെ വരുമ്പോൾ ഞങ്ങളുടെ വാഹനത്തിനു പിന്നിൽ വലിയൊരു ട്രക്ക് ഇടിച്ചു. ഞങ്ങളുടേതു വലിയ വാഹനം അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ പരിക്കേൽക്കേൽക്കുമായിരുന്നു.’’– പ്രവീൺ കുമാർ പറഞ്ഞു.
രാജ്യത്തിനായി ആറ് ടെസ്റ്റുകളും 68 ഏകദിനങ്ങളും 10 ട്വന്റി20 മത്സരങ്ങളും പ്രവീൺ കുമാർ കളിച്ചിട്ടുണ്ട്. വിരമിച്ചതിന് ശേഷം റിയൽ എസ്റ്റേറ്റ് രംഗത്തും റസ്റ്റോറന്റ് രംഗത്തും സജീവമാണ് താരം.

