Sunday, October 4, 2026

മുൻ ഐഎസ്ഐ മേധാവി ഫായിസ് ഹമീദിൻ്റെ അടുത്ത സഹായി രാജ്യം വിട്ടതായി റിപ്പോർട്ട് ; പലായനം അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ

അഴിമതിയുടെയും മറ്റും പേരിൽ പാകിസ്ഥാൻ സൈന്യത്തിൻ്റെ കസ്റ്റഡിയിലുള്ള മുൻ ഐഎസ്ഐ മേധാവി ലഫ്റ്റനൻ്റ് ജനറൽ (റിട്ട.) ഫായിസ് ഹമീദിൻ്റെ അടുത്ത സഹായി രാജ്യം വിട്ടതായി റിപ്പോർട്ട്. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് ഫായിസ് ഹമീദിൻ്റെ അടുത്ത സഹായി രാജ്യം വിട്ടതെന്നാണ് പുറത്തുവരുന്ന വിവരം.

ഹമീദിന് വേണ്ടി പാകിസ്ഥാനിലും വിദേശത്തും വലിയ ബിസിനസ്സ് ഇടപാടുകൾ നടത്തിയിരുന്ന മൊഹ്‌സിൻ ഹബീബ് വാരിയച്ച് യുകെയിലേക്ക് പലായനം ചെയ്തതായി വിവരമുണ്ട്. ഹമീദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നിരവധി സൈനിക ഉദ്യോഗസ്ഥരെയും ചില സാധാരണക്കാരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മൊഹ്‌സിൻ ഹബീബ് വാരിയച്ചിന്റെ പലായനം.

അതേസമയം, ഭവന നിർമാണ കമ്പനിയായ ടോപ് സിറ്റി ഉടമ മൊയീസ് അഹമ്മദ് 2023ൽ സുപ്രീം കോടതിയിൽ നൽകിയ കേസിലാണ് ഫായിസ് ഹമീദിനെ അറസ്റ്റ് ചെയ്തത്. ഹമീദിന്റെ അറിവോടെ ഐഎസ്ഐ ഉദ്യോഗസ്ഥർ ഓഫിസിലും വീട്ടിലും പരിശോധന നടത്തുകയും വജ്രങ്ങളും സ്വർണവും പണവുമുൾപ്പെടെ കടത്തുകയും ചെയ്തതെന്നായിരുന്നു പരാതി. പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ഹമീദിന്റെ സഹോദരൻ സർ‍ദാർ നജാഫും തുടർന്നു ഹമീദ് നേരിട്ടും തന്നെ സമീപിച്ചെന്നും മൊയീസ് പരാതിയിൽ പറയുന്നു. നാലു കോടിയോളം രൂപ തന്നിൽനിന്നു തട്ടിയെടുത്തെന്നായിരുന്നു മോയീസിന്റെ പരാതി.

Related Articles

Latest Articles