ദില്ലി: കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ലാഹോർ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ സ്ഥാപകൻ ഹാഫിസ് സയീദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത് .ഭീകരവാദത്തിന് ധനസഹായം നല്കിയ കേസില്‍ നിലവില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന യാസിന് മാലിക് ദില്ലി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
യാസിൻ മാലിക്കിന്റെ വാദങ്ങൾ അനുസരിച്ച്, വാജ്പേയി, മൻമോഹൻ സിംഗ് തുടങ്ങിയ മുൻ പ്രധാനമന്ത്രിമാരുടെ കാലഘട്ടങ്ങളിൽ കശ്മീരിലെ വിഘടനവാദികളുമായി ചർച്ചകൾ നടന്നിരുന്നു. 2005-ൽ കശ്മീരിലുണ്ടായ ഭൂകമ്പത്തിന് ശേഷം പാകിസ്ഥാൻ സന്ദർശിക്കാനൊരുങ്ങിയ മാലിക്കിനെ ദില്ലിയിലെത്തി ഐ.ബി. സ്പെഷ്യൽ ഡയറക്ടർ വി.കെ. ജോഷി കണ്ടു. പാകിസ്ഥാൻ രാഷ്ട്രീയ നേതാക്കളുമായി മാത്രമല്ല, ഹാഫിസ് സയീദിനെപ്പോലെയുള്ള ഭീകരരുമായി സംസാരിക്കാനും ജോഷി ആവശ്യപ്പെട്ടതായാണ് മാലിക്കിന്റെ സത്യവാങ്മൂലത്തിൽ പറയുന്നത്.ഈ കൂടിക്കാഴ്ച പിന്നീട് വിവാദങ്ങൾക്ക് വഴിവെച്ചതായും, തന്നെ പാകിസ്ഥാൻ ഭീകരസംഘടനകളുമായി ബന്ധമുള്ളയാളായി ചിത്രീകരിക്കാൻ ഇത് ഉപയോഗിച്ചതായും മാലിക് ആരോപിച്ചു. 2014-ൽ പാകിസ്ഥാനുമായി നടത്താനിരുന്ന ചർച്ചകൾ ഇന്ത്യ റദ്ദാക്കിയപ്പോൾ, മാലിക്കും മറ്റ് വിഘടനവാദി നേതാക്കളും പാകിസ്ഥാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ ചൊല്ലിയുള്ള വിവാദങ്ങളും ശ്രദ്ധേയമായിരുന്നു.

