മുന്‍മന്ത്രി ആര്‍. സുന്ദരേശന്‍ നായര്‍ ഓഗസ്റ്റ് 11 വ്യാഴാഴ്ച പുലര്‍ച്ചെ നിര്യാതനായി. തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. 82 വയസ്സായിരുന്നു. നെയ്യാറ്റിന്‍കര MLA, NSS താലൂക്ക് യൂണിയന്‍ പ്രസിഡന്റ്, PSC മെമ്പര്‍, എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. ട്യൂട്ടോറിയല്‍ കോളേജ് സ്ഥാപകനായിരുന്നു.
രാഘവന്‍ നായരുടെയും കമലമ്മയുടെയും മകനായി നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. ബിരുദാനന്ദര ബിരുദം നേടിയിട്ടുണ്ട്. തിരുവനന്തപുപരത്തെ പ്രശസ്തമായ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ വിക്ടറിയുടെ ഉടമയും അധ്യാപകനുമായിരുന്നു. എന്‍.എസ്.എസ്. പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തിറങ്ങി. എന്‍.എസ്.എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍.ഡി.പിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. എന്‍.ഡി.പി സ്ഥാനാര്‍ത്ഥിയായി നെയ്യാറ്റിന്‍കരയില്‍ നിന്ന് അഞ്ചും ആറും കേരള നിയമ സഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1977ലെ തിരഞ്ഞെടുപ്പില്‍ ആര്‍. പരമേശ്വന്‍ നായരെ 5,694 വോട്ടിന് തോല്‍പ്പിച്ചാണ് സഭയിലെത്തുന്നത്. 1980ലും പരമേശ്വരന്‍ നായരായിരുന്നു എതിരാളി. അക്കുറി 9,644 വോട്ടിന് ജയിച്ചു. 1981 ല്‍ ആറാം നിയമസഭയിലെ ആരോഗ്യ – ടൂറിസം വകുപ്പ് മന്ത്രിയുമായിരുന്നു. ഇക്കാലയളവില്‍ എന്‍.ഡി.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി. 1982ല്‍ ജനതാപാര്‍ട്ടിയിലെ എസ്.ആര്‍. തങ്കരാജിനോടു പരാജയപ്പെട്ടു. തുടര്‍ന്ന് പി.എസ്.സി അംഗമായി. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെംബറായും പ്രവര്‍ത്തിച്ചിട്ടുണ്ട്
തിരുവനന്തപുരം കുന്നുകുഴി, തമ്പുരാന്‍മുക്ക് പ്രയാഗയില്‍ ആയിരുന്നു താമസം. ഭാര്യ അഡിഷണല്‍ സെക്രട്ടറിയായി വിരമിച്ച ബി.ലീലാകുമാരി. മക്കള്‍: പ്രീത എസ് നായര്‍ , പ്രതിഭ എസ് നായര്‍ , പ്രതീക് എസ് നായര്‍ ,മരുമക്കള്‍: അഡ്വ. എസ്. സുദീപ്, ഗോപകുമാര്‍.പി , നിഷ. ജി. ആര്‍.

