Monday, May 20, 2024
spot_img

എപിജെ അബ്ദുല്‍ കലാം വിടപറഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷം; സ്വപ്‌നം കാണാന്‍ പഠിപ്പിച്ച ‘മിസൈല്‍ മനുഷ്യനെ’ രാജ്യം ഓര്‍ക്കുമ്പോള്‍

ഇന്ന് ജൂലൈ 27, ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനും മിസൈല്‍ സാങ്കേതിക വിദ്യാ വിദഗ്ധനുമായിരുന്ന ഡോ. എ പി ജെ. അബ്ദുള്‍ കലാമിന്‍റെ നാലാം ചരമ വാര്‍ഷികം.

രാജ്യം ഒരേസ്വരത്തില്‍ അംഗീകരിച്ച ശക്തനായ മനുഷ്യനായിരുന്നു ഇന്ത്യയുടെ മിസൈൽ മനുഷ്യൻ എന്നറിയപ്പെടുന്ന അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ പി ജെ. അബ്ദുൽ കലാം.

ഭാരതം കണ്ട എക്കാലത്തെയും ജനകീയ രാഷ്‌ട്രപതിയായിരുന്ന അദ്ദേഹം 1931 ഒക്ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമേശ്വരത്താണ് ജനിച്ചത്. ഒരു സാധാരണകുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ കരുത്ത് കഠിനാധ്വാനവും ശുഭപ്രതീക്ഷയുമായിരുന്നു. ഈ കരുത്തിന്‍റെ പിന്ബലത്താലാണ് അദ്ദേഹം തൻ്റെ സാമ്പത്തിക പരാധീനതകളെ തരണം ചെയ്ത് ഉന്നത വിദ്യാഭ്യാസവും അത്യുന്നത പദവികളും നേടിയെടുത്തത്. ഇന്ത്യയിലെ എണ്ണം പറഞ്ഞ സർവ്വകലാശാലകളിലൊന്നായ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നാണ് കലാം തൻ്റെ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയത്. എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ അദ്ദേഹം ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക മുന്നേറ്റവുമായി ഐഎസ്ആർഒയെ ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിൽ കലാം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്‍റെയും , ബാലിസ്റ്റിക് മിസൈലിന്‍റെയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്.

ലോകോത്തര നിലവാരമുള്ള ഹ്രസ്വ, ദീര്‍ഘദൂര മിസൈലുകള്‍ കൊണ്ട് മൂന്ന് സേനകളെയും ആധുനികവല്‍ക്കരിച്ചതിലും കലാം നിർണായക പങ്ക് വഹിച്ചു. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്‍റെ ഈ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തെ ‘ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ’ എന്ന് വിശേഷിപ്പിക്കുന്നത്.

പൊഖ്റാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളെ വെട്ടിച്ച് ‘ഓപ്പറേഷന്‍ ശക്തി‘ എന്ന പൊഖ്റാന്‍-2 അണു ബോംബ് പരീക്ഷണം നടത്താനായത് കലാമിന്റെ കൂർമ്മബുദ്ധിയുടെ പിന്‍ബലത്താലാണ്. ആണവപരീക്ഷണം നടക്കുന്ന കാലത്ത് മേജര്‍ ജനറല്‍ പൃഥ്വിരാജ് എന്ന പേരിലാണ് അബ്ദുള്‍ കലാം പൊഖ്റാനില്‍ കഴിഞ്ഞത്. ഈ പരീക്ഷണത്തിലൂടെ 1998 മേയില്‍ ഇന്ത്യയെ ലോകത്തെ ആറാമത്തെ ആണവായുധ രാഷ്‌ട്രമാക്കാൻ കലാമിന് കഴിഞ്ഞു.

2002-ലാണ് ഇന്ത്യയുടെ രാഷ്ട്രപതിയായി എപിജെ അബ്ദുള്‍ കലാം തെരഞ്ഞെടുക്കപ്പെടുന്നത്. അന്നത്തെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയാണ് അദ്ദേഹത്തെ രാഷ്ട്രപതിയാക്കാൻ മുൻകയ്യെടുത്തത്. അബ്ദുള്‍ കലാമിന്‍റെ പേര് ആദ്യമായി മുന്നോട്ടുവെക്കുന്നത് അന്നത്തെ വാജ്പേയി ഗവണ്‍മെന്‍റില്‍ റെയില്‍വേ വകുപ്പ് സഹമന്ത്രിയായിരുന്ന മലയാളിയായ ഒ രാജഗോപാലാണ്. പ്രധാനമന്ത്രി വാജ്പേയിയെ നേരില്‍ക്കണ്ട് രാജഗോപാല്‍ നിര്‍ദ്ദേശം വെച്ചു. ന്യൂനപക്ഷ സമുദായാംഗം, ലോകം അംഗീകരിച്ച ശാസ്ത്രകാരന്‍, മതേതരവാദി തുടങ്ങിയ കാര്യങ്ങളൊക്കെ രാജഗോപാല്‍ പ്രധാനമന്ത്രിക്കുമുന്നില്‍ വെച്ചു. കലാമിന് രാഷ്ട്രീയം അറിയില്ല എന്നതായിരുന്നു ചില സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ ന്യൂനതയായി രാജഗോപാലിനോട് പറഞ്ഞത്. പക്ഷെ അതുതന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന യോഗ്യതയായി പ്രധാനമന്ത്രിക്കുമുന്നില്‍ വച്ചതും.

ഇതിനെത്തുടർന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസിന്‍റെയും പിന്തുണയോടെയാണ് കലാം ഇന്ത്യയുടെ സര്‍വ്വസൈന്യാധിപനായത്. തന്‍റെ ജനകീയ നയങ്ങളാൽ, “ജനങ്ങളുടെ രാഷ്ട്രപതി” എന്ന പേരിൽ പ്രശസ്തനായ കലാം 2007 ജൂലൈ 25-നാണ് രാഷ്‌ട്രപതി സ്ഥാനമൊഴിഞ്ഞത്. സ്ഥാനമൊഴിഞ്ഞ ശേഷം കലാം തന്‍റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇക്കാലയളവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ വൈസ് ചാൻസലറുമായിരുന്നു കലാം.

ഇതിനിടെ 2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ 2020 എന്ന തന്‍റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു. കലാം ഒരു സാങ്കേതികവിദ്യാ വിദഗ്ദ്ധൻ മാത്രമായിരുന്നില്ല, രാഷ്ട്രത്തിന്‍റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു എന്നതിന്‍റെ ഉത്തമോദാഹരണമാണ് ഈ പുസ്തകം.

വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നതും കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്നവയായിരുന്നു. ഇക്കാലയളവിൽ തന്നെ
അഴിമതി വിരുദ്ധ ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു.

ഇതിനിടെ മുപ്പതോളം സര്‍വ്വകലാശാലകൾ അബ്ദുള്‍ കലാമിനെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതികളായ പദ്മഭൂഷണ്‍ (1981), പദ്മവിഭൂഷണ്‍ (1990), ഭാരതരത്‌നം (1997) എന്നിവ നല്‍കി സര്‍ക്കാറും കലാമിനെ ആദരിച്ചിട്ടുണ്ട്.

ഒടുവിൽ രാജ്യത്തെ മുഴുവന്‍ വേദനയിലാഴ്ത്തിക്കൊണ്ട് 2015 ജൂലൈ 27-ന് തന്‍റെ 84-ആം വയസിലാണ് അബ്ദുള്‍ കലാം ഈ ലോകത്തോട് വിട വാങ്ങിയത്.

തന്നിലെ ജ്വാല ഭാവിതലമുറയ്ക്കു പകര്‍ന്നു നല്‍കിക്കൊണ്ട്
ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്‍റില്‍ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കലാം കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തന്‍റെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാക്കി, ജനഹൃദയങ്ങളില്‍ തന്‍റെ ആശയങ്ങള്‍ കൊണ്ട് ഇടം നേടിയ പ്രിയ അബ്ദുൽ കലാമിന് ശതകോടി പ്രണാമം…ഇന്ന്, അദ്ദേഹത്തിന്‍റെ നാലാം ചരമ വാര്ഷികത്തിലും രാജ്യം ഓര്‍ക്കുകയാണ് മിസൈല്‍ മനുഷ്യനെ.

Related Articles

Latest Articles