Tuesday, November 3, 2026

ആലപ്പുഴ മണ്ണഞ്ചേരിയിൽ പതിനാല് വയസ്സുകാരന് പോലീസ് മർദ്ദനം ; സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദ്ദിച്ചതായി പരാതി ; ഇടപെട്ട് ശിശുക്ഷേമ സമിതി

ആലപ്പുഴ മണ്ണഞ്ചേരിയിൽ പതിനാല് വയസ്സുകാരനെ പോലീസ് മർദ്ദിച്ചതായി പരാതി. പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് മർദ്ദിച്ചത്. അന്യസംസ്ഥാന തൊഴിലാളിയായ യൂസഫിന്റെ മകൻ ബർക്കത്ത് അലി(14)ക്കാണ് ക്രൂരമായി മർദ്ദനമേറ്റത്.

മുട്ടുകാലിന് മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും ചെയ്തു. സ്റ്റേഷനിൽ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചായിരുന്നു പോലീസ് കുട്ടിയെ മർദ്ദിച്ചത്. കൂടാതെ കുട്ടിയെ ആറ് മണിക്കൂർ കസ്റ്റഡിയിൽ വച്ചെന്നും കുട്ടിയെ കാണാൻ മാതാപിതാക്കളെ അനുവദിച്ചില്ലെന്നും വിമർശനമുണ്ട്.

പരിക്കേറ്റ കുട്ടിയെ ചെട്ടികാട് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്ന് ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. അതേസമയം, പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പരാതിയിൽ അന്വേഷണം നടത്തുമെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്‌സൺ ഡോ. ബി വസന്തകുമാരി അറിയിച്ചു.

Related Articles

Latest Articles