Monday, May 13, 2024
spot_img

“എന്‍റെ ശരീരത്തിലേൽക്കുന്ന ഓരോ പ്രഹരവും ബ്രിട്ടന്‍റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്”; ധീര സ്വാതന്ത്ര്യ പോരാളി ലാലാ ലജ്പത് റായിയുടെ ജന്മവാർഷിക ദിനം നാളെ

ധീര സ്വാതന്ത്ര്യ പോരാളി ലാലാ ലജ്പത് റായിയുടെ ജന്മവാർഷിക ദിനം നാളെ. “എന്‍റെ ശരീരത്തിലേൽക്കുന്ന ഓരോ പ്രഹരവും ബ്രിട്ടന്‍റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്”എന്നു പറഞ്ഞ ധീര സ്വാതന്ത്ര്യ പോരാളി ലാല ലജ്‍പത്‍ റായ്‍യുടെ (Lala Lajpat Rai Birth Anniversary) 156-ാം ജന്മവാര്‍ഷിക ദിനമാണ് നാളെ. പഞ്ചാബിലെ സിംഹം എന്നറിയപ്പെട്ട ലാലാ ലജ്പത്റായ് 1865 ജനുവരി 28 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലുള്ള ഡ്യൂഡിക്ക് എന്ന സ്ഥലത്താണ് ജനിച്ചത്. ലാലാ ലജ്‍പത്‍‍ റായ്‍യുടെ കുടുംബം വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നല്‍കിയിരുന്നു. അദ്ദേഹത്തിന്‍റെ പിതാവ് മുന്‍ഷി രാധാകൃഷ്‍ണ ആസാദ് പേര്‍ഷ്യന്‍, ഉര്‍ദ്ദു ഭാഷകളില്‍ പാണ്ഡിത്യം ഉള്ളയാളായിരുന്നു.

1886ല്‍ അദ്ദേഹത്തിന്‍റെ കുടുംബം ഹിസാറിലേക്ക് മാറി. അതേ സമയം അദ്ദേഹം നിയമം പഠിക്കാനും തുടങ്ങി. ദയാനന്ദ ആംഗ്ലോ-വേദിക് സ്കൂള്‍ എന്ന പേരില്‍ ദേശീയ പ്രസ്ഥാനത്തിന് ഊര്‍ജ്ജം പകരുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടങ്ങിയത് ഇവിടെ വെച്ചാണ്.1897ലും 1900ലുമുണ്ടായ കടുത്ത ക്ഷാമത്തെ നേരിടാന്‍ നേതൃത്വം നല്‍കി. 1920ല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായ അദ്ദേഹം 1927ല്‍ ‘ഇന്‍ഡിപെന്‍ഡന്‍റ് പാര്‍ട്ടി’ രൂപവത്കരിച്ചു. ആര്യസമാജത്തിന്റെ ഒരു പ്രവർത്തകനായിരുന്നു ലാലാ.

സമാജത്തിന്റെ മുഖപത്രമായിരുന്ന ആര്യ ഗസറ്റിന്റെ പത്രാധിപരും കൂടിയായിരുന്നു. ലാഹോറിൽ നിയമപഠനത്തിനുശേഷമായിരുന്നു ലാലാ കോൺഗ്രസ്സിൽ പ്രവർത്തകനായി ചേരുന്നത്. നിയമപഠന സമയത്തു തന്നെ, ലാല ഹൻസ്രാജ്, പണ്ഡിറ്റ് ഗുരുദത്ത് വിദ്യാർത്ഥി തുടങ്ങിയ ഭാവി സ്വാതന്ത്ര്യ പ്രവർത്തകരുമായി റായ് അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന പ്രക്ഷോഭങ്ങളിൽ പഞ്ചാബിൽ നിന്നുമുള്ള മുന്നേറ്റങ്ങളെ നയിച്ചിരുന്നത് ലാലാ ആയിരുന്നു.

1907 മേയിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ വിചാരണ കൂടാതെ ബർമ്മയിലേക്കു നാടുകടത്തി. റായ്ക്കെതിരേ തെളിവുകളില്ലെന്നു പറഞ്ഞ് വൈസ്രോയി ആയിരുന്ന മിന്റോ പ്രഭു അദ്ദേഹത്തെ പഞ്ചാബിലേക്കു തിരിച്ചു വരാൻ അനുവദിച്ചു. 1928 ഒക്ടോബര്‍ 30ന് ലാഹോറിലെത്തിയ സൈമണ്‍ കമ്മീഷനെതിരെ പതിനായിരങ്ങളെ അണിനിരത്തി റായി ജാഥ നയിച്ചു. ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമായ മര്‍ദനമേറ്റതിനെ തുടര്‍ന്ന് നെഞ്ചില്‍ പരിക്ക് പറ്റി 1928 നവംബര്‍ 17ന് അദ്ദേഹം നിര്യാതനായി.സ്കൗട്ടിന്റെ മർദ്ദനത്തെത്തുടർന്നാണ് റായ് ഗുരുതരാവസ്ഥയിലായതെന്നും, ഇതിനെക്കുറിച്ച് അന്വേഷികണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കൾ ബ്രിട്ടീഷ് പാർലിമെന്റിൽ പരാതി നൽകിയെങ്കിലും, റായിയുടെ മരണത്തിൽ യാതൊരു പങ്കുമില്ലെന്നു പറഞ്ഞ് അവർ പരാതി തള്ളിക്കളഞ്ഞു.

Related Articles

Latest Articles