Wednesday, April 24, 2024
spot_img

ഭഗത് സിംഗ് ഭാരതത്തിന്റെ ‘വിപ്ലവ നക്ഷത്രം’; വാരിയംകുന്നൻ വെറും മതഭ്രാന്തനായ ഒരു കലാപകാരി | Sanku T Das

ഭഗത് സിംഗിന്റെ മതം ഏതായിരുന്നു എന്ന കാര്യം പോലും ഇപ്പോഴും ഭാരതീയർക്ക് കൃത്യമായി അറിയില്ല.
അദ്ദേഹം സിഖ് ആയിരുന്നു എന്ന് കരുതുന്നവരുണ്ട്.
ഹിന്ദു ആയിരുന്നു എന്ന് വാദിക്കുന്നവരുണ്ട്.
സിഖ്‌കാരും ഹിന്ദുക്കളും ഒരേ പോലെ ഉണ്ടായിരുന്ന ഒരു സന്തു ജാട്ട് കുടുംബം ആയിരുന്നു അദ്ദേഹത്തിന്റേത് എന്ന് പറയുന്നവരുണ്ട്.
അദ്ധേഹത്തിന്റെ മുത്തശ്ശനായ അർജ്ജുൻ സിംഗ് ദയാനന്ദ മഹർഷിയാൽ സ്വാധീനിക്കപ്പെട്ട ഒരു ആര്യ സമാജി ആയിരുന്നു എന്നതിന് രേഖകളുണ്ട്.
ജയിലിൽ കഴിയുന്ന കാലത്ത് അദ്ദേഹത്തെ വിശ്വാസത്തിലേക്ക് കൊണ്ട് വരാൻ ശ്രമിച്ച റൺധീർ സിംഗ് എന്ന സിഖ് മത പ്രചാരകന് തോറ്റു പിന്മാറേണ്ടി വന്നതിനെ പറ്റി സഹ തടവുകാരുടെ ഓർമകുറിപ്പുകളുണ്ട്.
ഇതിനൊക്കെ ശേഷവും തനിക്കൊരു മത വിശ്വാസവും ഇല്ലെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിക്കുന്നുമുണ്ട്.
ഭഗത് സിംഗിന്റെ മതം എന്തായിരുന്നു എന്ന് നമുക്കിപ്പോളും കൃത്യമായി അറിയില്ല.
അദ്ദേഹത്തിന് ഉറപ്പിച്ചു പറയാവുന്ന ഒരു മതം ഉണ്ടായിരുന്നെങ്കിൽ അത് ഭാരതമെന്ന രാഷ്ട്രത്തോടുള്ള അഗാധമായ കർത്തവ്യബോധം മാത്രമായിരുന്നു.


രാജ്യസ്നേഹത്തെ മതമാക്കിയ അങ്ങനെയൊരു ധീര ദേശാഭിമാനിയോടാണ് മതഭ്രാന്ത് മൂത്ത് ആയിരങ്ങളെ കൊന്നു തള്ളാനും നിർബന്ധിത മത പരിവർത്തനങ്ങൾ നടത്താനും രാജ്യത്തിനകത്ത് തന്നെ ഒരു പ്രത്യേക മതരാഷ്ട്രം സ്ഥാപിക്കാനും തയ്യാറായ ഒരു വർഗ്ഗീയ കലാപകാരിയെ നമ്മുടെ സ്പീക്കർ ഉപമിക്കുന്നത്!
എന്ത് താരതമ്യമാണ് ഇവർ തമ്മിലുള്ളത്?
നിരായുധരായ നൂറ് കണക്കിന് ഭാരതീയർ വെടിയേറ്റു വീണ ജാലിയൻവാലാബാഗിലെ കൂട്ടക്കൊലക്ക് പ്രതികാരം ചെയ്യും എന്ന് പ്രതിജ്ഞയെടുത്താണ് ഭഗത് സിംഗ് സ്വാതന്ത്ര്യ പ്രക്ഷോഭത്തിലേക്ക് ചാടിയിറങ്ങുന്നത്.
അല്ലാതെ, ഒന്നാം ലോക മഹായുദ്ധത്തിൽ തോറ്റ തുർക്കിയിലെ ഖലീഫയുടെ സ്ഥാനം നഷ്ടപ്പെട്ടതിൽ മത വികാരം വ്രണപ്പെട്ടിട്ടല്ല.


ഭഗത് സിംഗ് യൗവ്വനത്തിലേ അംഗമായതും പ്രവർത്തിച്ചതും സായുധ വിപ്ലവത്തിലൂടെ ഭാരതത്തെ മുഴുവൻ സ്വാതന്ത്രമാക്കുന്നത് സ്വപ്നം കണ്ടിരുന്ന ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷനിലാണ്.
ഇന്ത്യയിൽ ഉടനീളം വർഗ്ഗീയ കലാപങ്ങൾ നടത്തി ആയാലും ഓട്ടോമാൻ സാമ്രാജ്യത്വത്തിന്റെ പൂർവ്വ പ്രതാപം പുനസ്ഥാപിക്കണമെന്ന് ലക്ഷ്യം വെച്ച ഖിലാഫത് പ്രസ്ഥാനത്തിലല്ല.
സൈമൺ കമ്മീഷന് എതിരെയുള്ള പ്രതിഷേധത്തിന് ഇടയിൽ ലാത്തി ചാർജിന് ഇരയായ ലാലാ ലജ്പത് റായ് എന്ന ധീര സ്വാതന്ത്ര്യ ഭടൻ മരണപ്പെട്ടതിനു പകരം ചോദിക്കാനാണ് ഭഗത് സിങ്ങും സംഘവും ജോൺ സോണ്ടേഴ്സ് എന്ന അസിസ്റ്റന്റ് പോലീസ് കമ്മീഷണറെ വെടിവെച്ചു കൊല്ലുന്നത്.
മുസ്ലിം ആയിട്ട് കൂടി മതക്കൂറ് കാണിക്കുന്നതിനു പകരം കൃത്യ നിർവഹണത്തോട് നീതി പുലർത്തി കൊണ്ട് മാപ്പിള ലഹളക്കാരിൽ നിന്ന് ഹിന്ദുക്കളെ രക്ഷിച്ച ചേക്കുട്ടി എന്ന പോലീസുകാരനെ കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ച് ക്രൂരമായി കൊന്ന് അയാളുടെ തല വെട്ടി കുന്തത്തിൽ കോർത്തു റാലി നടത്തിയ പോലത്തെ കിരാതത്വമല്ലത്.
അറസ്റ്റ് ചെയ്യപ്പെടാൻ ഒരുങ്ങി തന്നെയാണ് ഭഗത് സിംഗും ഭടുകേശ്വർ ദത്തയും സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ കടന്നു ചെന്ന് ബോംബ് എറിയുന്നത്.
പാണ്ടിക്കാട് പോലീസ് ക്യാമ്പ് ആക്രമണം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിട്ടും ഉണ്ട പേടിച്ച് അതിൽ പങ്കെടുക്കാതെ എതിർ ദിശയിലേക്ക് ഓടിപോയ ഭീരുത്വമല്ലത്.


ഭഗത് സിംഗ് രണ്ട് വട്ടവും ബ്രിട്ടീഷുകാരോട് നേരിട്ടാണ് എതിരിട്ടത്.
വാരിയംകുന്നൻ ഒരിക്കൽ പോലും ബ്രിട്ടീഷുകാരോട് നേരിട്ടൊരു ഏറ്റുമുട്ടലും നടത്തിയിട്ടില്ല.
വിചാരണക്ക് കോടതിയിൽ ഹാജരാക്കിയപ്പോൾ ധീരമായി തന്റെ പ്രവർത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ആ പൊതുവേദിയും മാധ്യമ ശ്രദ്ധയും ഉപയോഗപ്പെടുത്തി തന്റെ ആശയങ്ങൾ വിശദീകരിക്കുകയും പശ്ചാത്താപത്തിന്റെ കണിക പോലുമില്ലാതെ ശിക്ഷ ഏറ്റുവാങ്ങുകയും ആണ് ഭഗത് സിംഗ് ചെയ്തത്.
എനിക്ക് ഖിലാഫത്തുമായി ഒരു ബന്ധവുമില്ല, ബ്രിട്ടീഷുകാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നല്ല നടപ്പ് നടക്കുകയായിരുന്നു ഞാൻ, എന്റെ പേരിൽ അകാരണമായി പുറപ്പെടുവിച്ച വാറന്റ് പിൻവലിക്കണമെന്ന് ഹിച്ച്കോക്ക് സായ്ബിനെ കണ്ടു പറയാൻ വന്നപ്പോൾ അബദ്ധത്തിൽ ലഹളക്കാരുടെ കൂട്ടത്തിൽ പെട്ടു പോയതാണ് ഏമാനേ എന്ന് പോലീസ് സൂപ്രണ്ടിന് മുന്നിലിരുന്നു കരയുകയല്ല.
ബ്രിട്ടീഷ് ഭരണമാണ് രാജ്യത്തെന്നും അതിന്റെ ശക്തിയും മർദ്ധക ശേഷിയും എത്രയാണെന്നും നന്നായി മനസിലാക്കി തന്നെയാണ് ഭഗത് സിംഗ് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് ഇറങ്ങി തിരിച്ചത്.
അല്ലാതെ മമ്പുറം പള്ളിയിൽ വെടി വെയ്പ്പുണ്ടായി, പോലീസ് സൂപ്രണ്ടും മജിസ്‌ട്രെറ്റും ഒക്കെ കലാപത്തിൽ മരിച്ചു, ബ്രിട്ടീഷുകാർ ഒക്കെ ഓടി പോയി, ഇനി നമ്മുടെ രാജ്യമാണ്, ആരെയും പേടിക്കാനില്ല എന്ന് തെറ്റിധരിച്ചിട്ടല്ല.
ഭഗത് സിംഗിന്റെ ലക്ഷ്യം ഫൈസലാബാദിന്റെയോ പഞ്ചാബിന്റെയോ മോചനം ആയിരുന്നില്ല, ഇന്ത്യയുടെ മുഴുവൻ മോചനം ആയിരുന്നു.


എറനാടും പിന്നെ വള്ളുവനാടിന്റെയും പൊന്നാനിയുടെയും കോഴിക്കോടിന്റെയും ചില ഭാഗങ്ങളും മാത്രം ചേരുന്ന ഒരു മാപ്പിള രാജ്യത്തിന്റെ മോചനം എന്ന ലക്ഷ്യം പോലെയല്ലത്.
ഭഗത് സിംഗ് ഒരു ഭാരതീയനെ പോലും കൊന്നിട്ടില്ല.
മതത്തിന്റെ പേരിൽ മനുഷ്യരെ തല വെട്ടിയും തൊലിയുരിഞ്ഞും പീഡിപ്പിച്ചിട്ടില്ല.
ആരെയും ബലമായി മതം മാറ്റാൻ ശ്രമിച്ചിട്ടില്ല.
സ്ത്രീകളെ ബാലത്സംഗം ചെയ്യാനും വീടുകൾ കൊള്ളയടിക്കാനും ക്ഷേത്രങ്ങൾ തകർക്കാനും നേതൃത്വം കൊടുത്തിട്ടില്ല.
വാരിയംകുന്നൻ ഇതൊക്കെ ചെയ്തിട്ടുണ്ട്.
ഭഗത് സിംഗിനെ വാരിയംകുന്നനോട് താരതമ്യം ചെയ്യുന്നത് വാരിയംകുന്നനെ മഹത്വവൽക്കരിക്കൽ അല്ല,
ഭഗത് സിംഗിനെ അധിക്ഷേപിക്കലാണ്.
ഭഗത് സിംഗ് ഭാരതത്തിന്റെ വിപ്ലവ നക്ഷത്രമാണ്.
വാരിയംകുന്നൻ മതഭ്രാന്തനായ ഒരു കലാപകാരി മാത്രവും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles