Tuesday, May 21, 2024
spot_img

‘സൗഹൃദത്തിന് ഉച്ചനീചത്വങ്ങളില്ല’; കളങ്കമില്ലാത്ത സ്നേഹത്തിന്റെ ഓർമ്മപ്പെടുത്തൽ, ഇന്ന് കുചേല ദിനം !

ഇന്ന് കുചേലദിനം. ധനു മാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കാറുള്ളത്. ഗുരുവായൂര്‍ ഉള്‍പ്പെടെ എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ഈ ദിവസം ഭക്തിപൂര്‍വം ആചരിച്ചുവരുന്നു. സര്‍വ്വ ദുഃഖങ്ങളുമകറ്റി മോക്ഷപ്രാപ്തിക്കും ഭഗവാന്‍ ശ്രീകൃഷ്ണനെ ഭജിക്കുന്നു. അവില്‍ ആണ് ഇന്നേ ദിവസത്തെ പ്രധാന നിവേദ്യം.

കളങ്കമില്ലാത്ത സൗഹൃദത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ കുചേലദിനവും.
ഏറ്റവും നല്ല മാതൃകാ കൂട്ടുകാരനാണ് ശ്രീകൃഷ്ണൻ. സുദാമനും ശ്രീകൃഷ്ണനും സാന്ദീപനി മഹർഷിയുടെ ആശ്രമത്തിലെ വിദ്യാർത്ഥികളും കൂട്ടുകാരുമായിരുന്നു. നല്ലൊരു ചേല പോലും ഇല്ലാതെ കുചേലനായി വന്ന സുദാമൻ എന്ന ബാല്യകാല കൂട്ടുകാരനെ രാജാവായ ശ്രീകൃഷ്ണൻ കെട്ടിപ്പിടിച്ചു. മാറിലെ വിയർപ്പ് വെള്ളം കൊണ്ട് നാറുന്ന സതീർത്ഥ്യനെ കെട്ടിപ്പിടിച്ച കൃഷ്ണൻ കുചേലൻ്റെ മുഷിഞ്ഞു നാറിയ തുണി സഞ്ചിയിലുണ്ടായിരുന്ന കല്ലും നെല്ലും കലർന്ന അവിൽ രുചിയോടെ കഴിക്കുകയും ആവശ്യത്തിലധികം സഹായിക്കുകയും ചെയ്തു. ആപത്തു കാലത്ത് പദവി നോക്കാതെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവരാണ് നല്ല സുഹൃത്തുക്കൾ.

പാണ്ഡവരോടൊപ്പം വനത്തിൽ നിന്ന് ഹസ്തിനപുരിയിലേക്കുള്ള യാത്രയിൽ ശ്രീകൃഷ്ണൻ്റെ കൈവിരൽ മുറിഞ്ഞതു കണ്ട ഉടനേ പാഞ്ചാലി ഉടുത്തിരുന്ന കല്യാണ സാരിയുടെ ഒരറ്റം വലിച്ചു കീറി കൃഷ്ണൻ്റെ മുറിവിൽ കെട്ടി. കല്യാണ സാരി വലിച്ചു കീറുന്നത് കണ്ടപ്പോൾ പാഞ്ചാലിയുടെ തോഴിയായ മായ വിലക്കി. പാഞ്ചാലി പറഞ്ഞു-” എൻ്റെ കല്യാണ സാരിയേക്കാൾ വലുതാണ് കൃഷ്ണൻ്റെ ഓരോ തുള്ളി ചോരയും.”

വർഷങ്ങൾക്ക് ശേഷം വസ്ത്രാക്ഷേപം നടന്ന സമയത്ത് സാരിയുടെ കൂമ്പാരം സൃഷ്ടിച്ചാണ് കൃഷ്ണൻ പാഞ്ചാലിയെ രക്ഷിച്ചത്. തൻ്റെ മാനം രക്ഷിച്ചതിന് നന്ദി പറഞ്ഞ പാഞ്ചാലിയോട് കൃഷ്ണൻ പുഞ്ചിരിയോടെ പറഞ്ഞു-” ഒരിക്കൽ എൻ്റെ കൈവിരൽ മുറിഞ്ഞപ്പോൾ സാരിയുടെ ഒരു കഷ്ണം തന്നതിന് പകരമായാണ് സാരികളുടെ കൂമ്പാരം തന്നത്. എനിക്കൊരു നൂല് തന്നാൽ ഞാൻ മലയോളം വസ്ത്രം തരും.എനിക്കൊരു അരിമണി തന്നാൽ ഞാൻ കുന്നോളം ധാന്യം തരും. പക്ഷേ, തരുന്നത് ഒരു മണി അരിയായാലും തരേണ്ടത് ആത്മസമർപ്പണത്തോടെ ആയിരിക്കണം…” ഇതാണ് ശ്രീകൃഷ്‌ണൻ നൽകുന്ന ഉപദേശം.

Related Articles

Latest Articles