തിരുവനന്തപുരം : പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് തോവാരക്കെട്ട് സരസ്വതി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റി നങ്ക എന്നീ വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് നാളെ രാവിലെ ഒൻപതിന് ആരംഭിക്കും. പത്മനാഭപുരത്തു നിന്ന് 12 ന് പുറപ്പെടുന്ന നവരാത്രി വിഗ്രഹങ്ങളെ സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കും. 13 ന് രാവിലെ 11 നാണ് കളിയിക്കാവിളയിൽ സ്വീകരണം നിശ്ചയിച്ചിട്ടുള്ളത്.
പത്മനാഭപുരം കൊട്ടാരത്തിൽ നടത്തുന്ന ഉടവാൾ കൈമാറ്റ ചടങ്ങിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയും ബംഗാൾ ഗവർണർ സി.വി ആനന്ദബോസും പങ്കെടുത്തേക്കും. ഇരുവരുടെയും സന്ദർശനം സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിനായി ശുചീന്ദ്രം സ്ഥാണുമലയ ക്ഷേത്ര വളപ്പിൽ നിന്ന് മുന്നൂറ്റി നങ്കയെ ഇന്ന് പത്മനാഭപുരത്തേക്ക് എഴുന്നള്ളിക്കും. 13 ന് കളിയിക്കാവിളയിലും 14 ന് ഉച്ചയ്ക്ക് നഗരാതിർത്തിയായി നേമത്തും ഘോഷയാത്രയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകും. ആദ്യ ദിവസം രാത്രി കുഴിത്തുറ മഹാദേവക്ഷേത്രത്തിലും 13 ന് രാത്രി നെയ്യാറ്റിൻകര ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിലും ഇറക്കിപൂജ ഉണ്ടായിരിക്കും. 3 ദിവസത്തെ യാത്രയ്ക്ക് ശേഷം 14 ന് വൈകിട്ട് ഘോഷയാത്ര തലസ്ഥാനത്തെത്തും.
14 ന് വൈകിട്ട് കരമന നിന്നും എഴുന്നള്ളത്ത് ശ്രീ പത്മനാഭസ്വാമി സ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടും. സരസ്വതി ദേവിയെ കോട്ടയ്ക്കകത്തും കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. 24 വരെ നീളുന്ന നവരാത്രി ഉത്സവ ദിവസങ്ങളിൽ നവരാത്രി മണ്ഡപത്തിൽ പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന സംഗീതോത്സവം അരങ്ങേറും. അതേസമയം, 26 ന് തിരിച്ചെഴുന്നെള്ളിത്തും ആരംഭിക്കും.
പത്മനാഭപുരത്തു നിന്നും അനന്തപുരിയിലേക്കെത്തുന്ന ഈ വിഗ്രഹ ഘോഷയാത്രയുടെ മുഴുനീള തത്സമയ കാഴ്ച തത്വമയി നെറ്റ്‌വർക്കിലൂടെ വ്യാഴാഴ്ച രാവിലെ 08 മണി മുതൽ വീക്ഷിക്കാവുന്നതാണ്.
http://bit.ly/3ZsU9qm

