Wednesday, May 1, 2024
spot_img

നിപ ആശങ്ക : കോഴിക്കോട് ജില്ലയിൽ പഴങ്ങളുടെ വിപണി തകർന്നടിഞ്ഞു; മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പഴവർഗ്ഗങ്ങളെയും തഴഞ്ഞ് ഉപഭോക്താക്കൾ; തകർച്ചയിൽ മുൻപന്തിയിൽ റംബൂട്ടാൻ കർഷകർ

കോഴിക്കോട്: ജില്ലയിൽ നിപ ആശങ്ക ഉയർന്ന് നിൽക്കുമ്പോൾ ഏറ്റവുമധികം തകർച്ച നേരിട്ടത് പഴവർഗ്ഗങ്ങളുടെ വിപണിയാണ്. പക്ഷികൾ കടിച്ച പഴവർഗ്ഗങ്ങൾ കഴിക്കരുതെന്ന സർക്കാർ നിർദ്ദേശത്തിൽ ജനങ്ങൾ പഴങ്ങളുടെ ഉപയോഗം പാടെ ഒഴിവാക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരുന്ന പഴവർഗ്ഗങ്ങളെ പോലും ജനങ്ങൾ അവഗണിക്കുന്നു. വിൽപ്പനയിൽ ഇതിനോടകം തന്നെ 50 മുതൽ 70 ശതമാനം വരെ ഇടിവ് നേരിട്ടതായി മൊത്ത വ്യാപാരികൾ അഭിപ്രായപ്പെടുന്നു. മൂന്നു ദിവസം മുന്നേ സംസ്ഥാനത്തെത്തിയ ചരക്ക് ഇപ്പോഴും പകുതിയിലേറെ വിറ്റഴിക്കാതെ കെട്ടിക്കിടക്കുന്നു. മൃഗങ്ങളോ പക്ഷികളോ കടിക്കാൻ സാദ്ധ്യതയില്ലാതെ പഴവർഗ്ഗങ്ങൾപോലും കെട്ടിക്കിടക്കുന്നവയിലുണ്ട്. ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് ജില്ലയിലെ റംബുട്ടാൻ കർഷകരാണ്. ലക്ഷക്കണക്കിന് രൂപയുടെ വിൽപ്പനക്കരാറുകളിൽ നിന്ന് വിളവെടുക്കാറായപ്പോൾ വ്യാപാരികൾ പിന്മാറുകയാണ്. ജില്ലയിലെ പലഭാഗങ്ങളിലും റംബൂട്ടാൻ മരങ്ങൾ വിളവെടുപ്പ് കാത്തുനിൽക്കുകയാണ്. 15 ദിവസത്തിനുള്ളിൽ വിളവെടുത്തില്ലെങ്കിൽ പഴങ്ങൾ നശിക്കുകയും ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുകയും ചെയ്യുമെന്ന് കർഷകർ പറയുന്നു.

അതേ സമയം നിപ ആശങ്ക മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണ്. സമ്പർക്കപ്പട്ടികയിൽ നിലവിൽ 1080 പേരുണ്ട്. ഇതിൽ 327 പേരും ആരോഗ്യപ്രവർത്തകരാണ്. മറ്റു ജില്ലകളിൽ സമ്പർക്കപ്പട്ടികയിൽ 29 പേർ മലപ്പുറത്തും വയനാട്ടിൽ ഒരാളും കണ്ണൂരിലും തൃശ്ശൂരിലും 03 പേർ വീതവും നിരീക്ഷണത്തിലാണ്. കേരളത്തിലെ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനമായ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ലാബ് പ്രവർത്തിച്ചുതുടങ്ങി. രണ്ട് യന്ത്രങ്ങൾ ഉപയോഗിച്ച് ഒരേസമയം 192 സാംപിളുകൾ പരിശോധിക്കാനുള്ള സംവിധാനമാണ് ഉള്ളത്. എൻ.ഐ.വി. പുണെ മൊബൈൽലാബും മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്നുണ്ട്. പരിശീലനം നേടിയ വൊളന്റിയർമാരുടെ നേതൃത്വത്തിൽ കൺടെയിൻമെന്റ് സോൺ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഐ സി എം ആറിന്റെ മൊബൈൽ ലാബും കോഴിക്കോട് എത്തിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇപ്പോൾ കേന്ദ്ര വിദഗ്ധ സംഘങ്ങളാണ്

Related Articles

Latest Articles