Tuesday, May 21, 2024
spot_img

ചിദംബര സ്മരണകളുടെ എസ്തപ്പാൻ; ഓർമ്മകളുടെ ഫ്രെയിമുകൾക്കപ്പുറം

തിരുവനന്തപുരം : മലയാളസിനിമയെ അന്താരാഷ്ട്ര പ്രശസ്തിയിലേയ്ക്ക് ഉയര്‍ത്തിയ സംവിധായകന്‍ ജി അരവിന്ദന്‍ ഓര്‍മയായിട്ട് 29 വര്‍ഷം. ഗോവിന്ദന്‍ അരവിന്ദന്‍ എന്ന ജി അരവിന്ദന്‍ മലയാള സിനിമയെ അന്താരാഷ്ട്രനിലവാരത്തിലെത്തിച്ച ചലച്ചിത്രകാരന്മാരില്‍ ഒന്നാമത്തെ പ്രതിഭയാണ്. ചിത്രകാരന്‍, കാര്‍ട്ടൂണിസ്റ്റ്, തനത് നാടക വേദിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കലാകാരന്‍ എന്നതിനു പുറമെ ഒരു സംഗീതജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം.1935 ജനുവരി 21 നു കോട്ടയത്ത് ജനനം.പിതാവ് എഴുത്തുകാരനായിരുന്ന എം.എന്‍. ഗോവിന്ദന്‍നായരായിരുന്നു.സസ്യശാസ്ത്രം ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം റബ്ബര്‍ ബോര്‍ഡില്‍ ജീവനക്കാരനായിരുന്നു.

സിനിമാ സംവിധാനത്തിനു മുന്‍പേ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പര അദ്ദേഹം പ്രസിദ്ധീകരിച്ചുരുന്നു. 1960കളുടെ ആരംഭത്തില്‍ പ്രസിദ്ധീകരിച്ച ഈ കാര്‍ട്ടൂണ്‍ രാമു, ഗുരുജി എന്നീ കഥാപാത്രങ്ങളിലൂടെ ലോകത്തെ കണ്ടു. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനം മലയാളസിനിമയില്‍ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. ചിദംബരം, വാസ്തുഹാരാ തുടങ്ങിയ ചിത്രങ്ങള്‍ സി വി ശ്രീരാമന്റെ ചെറുകഥകളെ ആസ്പദമാക്കിയായിരുന്നു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ഒരിടത്ത്, മാറാട്ടം തുടങ്ങിയവയായിരുന്നു മറ്റ് പ്രധാന ചിത്രങ്ങള്‍.

ബ്രൗണ്‍ ലാന്‍ഡ്സ്‌കേപ്പ്, ദി ക്യാച്ച്, വി.ടി. ഭട്ടതിരിപ്പാട്, ജെ. കൃഷ്ണമൂര്‍ത്തി കോണ്‍ടൂര്‍സ് ഒഫ് ലീനിയര്‍ റിഥം എന്നിവയുള്‍പ്പെടെ ഏതാനും ലഘുചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. യാരോ ഒരാള്‍, എസ്തപ്പാന്‍, ഒരേ തൂവല്‍ പക്ഷികള്‍, പിറവി എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് 1974, 1978, 1979, 1981, 1985, 1986, 1990 എന്നീ വര്‍ഷങ്ങളില്‍ നേടി. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് 1977ലും 1978ലും 1986ലും ലഭിച്ചു. ചിദംബരത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. 1991 മാര്‍ച്ച് 15ന് അദ്ദേഹം അന്തരിച്ചു.

Related Articles

Latest Articles