Sunday, May 19, 2024
spot_img

ഇത് ചരിത്രം തിരുത്തിക്കുറിക്കുന്ന ഗാന്ധി ജയന്തി; ഒടുവിൽ ലക്ഷദ്വീപിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ഉയരുന്നു: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഗാന്ധി പ്രതിമ ഇന്ന് നാടിന് സമർപ്പിക്കും

കവരത്തി: ചരിത്രത്തിലാദ്യമായി ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ (Gandhi Statue) ഉയരാൻ പോകുകയാണ്. ഇന്ന് മഹാത്മജിയുടെ നൂറ്റി അമ്പത്തിരണ്ടാമത് ജന്മദിനമാണ്. ഇതോടനുമ്പന്ധിച്ച് ഇന്ന് നടക്കുന്ന ഗാന്ധി ജയന്തി ആഘോഷ പരിപാടിയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രതിമ അനാച്ഛാദനം ചെയ്യും. ഗാന്ധി ജയന്തി ദിനമായ ഇന്ന് വിപുലമായ പരിപാടികളാണ് ദ്വീപ് ഭരണകൂടം ഒരുക്കിയിരിക്കുന്നത്. മൂന്ന് ദിവസത്തെ ലോകാർപ്പൺ ഉത്സവത്തിന്റെ സമാപനം കൂടി ഇന്ന് നടക്കും. വിവിധ പരിപാടികളോടെയാണ് ഉത്സവം സംഘടിപ്പിച്ചിട്ടുള്ളതെന്ന് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ അറിയിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാനായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ തന്നെ കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. തുടർന്ന് ഉദ്യോഗസ്ഥർക്കൊപ്പം സ്വച്ഛ് ഭാരത് പരിപാടിയിൽ പങ്കെടുത്ത ശേഷം ലക്ഷദ്വീപിലേക്ക് പുറപ്പെടുകയും ചെയ്തു.

മുൻപ് ഇവിടെ ഗാന്ധി പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അനിസ്ലാമികമെന്ന് ചുണ്ടിക്കാട്ടി ഒരുവിഭാഗം ആളുകൾ അത് എതിർക്കുകയായിരുന്നു. 2010ലാണ് രാജ്യം ഭരിച്ചിരുന്ന രണ്ടാം യുപിഎ സർക്കാർ ലക്ഷ്ദ്വീപിലെ കാവരത്തിൽ ഒരു ഗാന്ധി പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ ഗാന്ധി പ്രതിമ സ്ഥാപിച്ചാൽ പുഷ്പാർച്ചനയൊക്കെ നടത്തേണ്ടി വരും. അത് ഹൈന്ദവ ആചാരമാണന്ന് ചൂണ്ടിക്കാട്ടി ഗാന്ധി പ്രതിമ അവിടെ സ്ഥാപിക്കാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല.

വലിയ പ്രതിഷേധമാണ് ഗാന്ധി പ്രതിമയെ ചൊല്ലി ലക്ഷദ്വീപിൽ നടന്നത്. 2010 സെപ്തംബറിൽ പ്രതിമ കവരത്തിയിൽ എത്തിച്ചെങ്കിലും അതിറക്കാൻ പോലും ലക്ഷദ്വീപിലെ ജനങ്ങൾ സമ്മതിച്ചില്ല. തൊട്ടടുത്ത ദിവസം തന്നെ പ്രതിമ കവരത്തിയിൽ നിന്ന് അതേ കപ്പലിൽ തിരിച്ച് കൊച്ചിയിലേക്ക് എത്തിയ്‌ക്കുകയായിരുന്നു. കൊച്ചിയിൽ അത് വന്നപ്പോൾ വിശ്വ ഹിന്ദു പരിഷത്ത് ഉൾപ്പെടെ സംഘടനകൾ പ്രതിഷേധിച്ചു. ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം ആണെങ്കിൽ അവിടെ രാഷ്‌ട്ര പിതാവിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ അതേ പ്രതിമ വീണ്ടും കവരത്തിയിൽ എത്തിയ്‌ക്കുകയായിരുന്നു. ഒക്ടോബർ ഒന്നിന് കവരത്തിയിൽ എത്തിയ കപ്പലിൽ ആരും കാണാതെ പ്രതിമ ഒളിപ്പിച്ച് കൊണ്ടുപോയി അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടിൽ ഒളിപ്പിച്ചു. ഗാന്ധി പ്രതിമ അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടിൽ ഒളിപ്പിച്ച നിലയിലാണ് നിരവധി കാലം കിടന്നത്. 11 വർഷമായിട്ടും ലക്ഷദ്വീപിൽ എവിടെയും ആ ഗാന്ധി പ്രതിമ സ്ഥാപിക്കാനായിട്ടില്ലായിരുന്നു. ഈ പ്രതിഷേധങ്ങളെല്ലാം തള്ളിയാണ് കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ഇന്ന് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്.

ലക്ഷദ്വീപും ഇന്ത്യയാണ്, ദ്വീപുകാരും ഇന്ത്യക്കാരാണ്. ഗാന്ധിയൻ മൂല്യങ്ങളുയർത്തിപ്പിടിച്ച് ആത്മനിർഭരമായ ,സ്വയംപര്യാപ്തമായ രാഷ്ട്രത്തിൻ്റെ നിർമ്മിതിയിലാണ് നമ്മളിന്ന്. ജാതി, മത, വർണ, വർഗ വ്യത്യാസങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കുമപ്പുറം 135 കോടി വരുന്ന നാമെല്ലാവരും ഇന്ത്യക്കാരാണ് എന്ന ആത്മബോധം നമ്മിലുണ്ടാവാൻ ഈ ഗാന്ധി ജയന്തി ദിനം നമ്മുക്ക് സാധിക്കട്ടെ.

Related Articles

Latest Articles