Thursday, May 16, 2024
spot_img

ഒഴുകിവന്ന ‘ഗംഗാ പുത്രിയ്ക്ക് ‘ പുതുജീവൻ; രക്ഷകന് സർവ്വാനുകൂല്യങ്ങളും നൽകി യുപി സർക്കാർ

ലക്നൗ: ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയ 21 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ രക്ഷപെടുത്തിയ ബോട്ട് ജീവനക്കാരൻ ഗുല്ലു ചൗധരിക്ക് സ്വന്തമായി ബോട്ട് നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ചൗധരിക്ക് സർക്കാർ പദ്ധതികളിലെ എല്ലാ ആനുകൂല്യങ്ങളും നൽകുമെന്നും അറിയിച്ചിട്ടുണ്ട് . ഒപ്പം പെൺകുഞ്ഞിന്‍റെ എല്ലാ ചെലവുകളും വഹിക്കുമെന്നും സംരക്ഷിക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

ഗാസിപൂർ ജില്ലാ മജിസ്‌ട്രേറ്റ് എം.പി സിങ് കഴിഞ്ഞ ദിവസം ഗുല്ലു ചൗധരിയുടെ വീട് സന്ദർശിച്ചിരുന്നു. അന്വേഷണത്തിൽ അദ്ദേഹത്തിന് വീട് ഉണ്ടെന്ന് അറിഞ്ഞു. അതിനാൽ സർക്കാർ പദ്ധതിയിൽ ഈ ഇളവിന്‍റെ ആവശ്യമില്ല. എന്നാൽ ഉപജീവനത്തിനായി സുഹൃത്തുകളുടെ ബോട്ടാണ് ഉപയോഗിക്കുന്നതെന്ന് അറിഞ്ഞതിനാൽ ബോട്ട് നൽകുമെന്നു സിങ് പറഞ്ഞു. ചൗധരിയുടെ വീട്ടിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞതായിരുന്നു. ഇതുമൂലം സമീപത്തെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തിയാണ് ചൗധരിയുമായി അധികൃതർ കൂടിക്കാഴ്ച നടത്തിയത്. ഇതു പരിഗണിച്ച് ചൗധരിയുടെ വീടിരിക്കുന്ന മേഖലയിലേക്ക് കോൺക്രീറ്റ് റോഡ് നിർമിക്കാനും തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് ഗംഗാ നദിയിലൂടെ ഒഴുകി വന്ന പെട്ടിയില്‍ നിന്ന് ചൗധരിക്ക് കുട്ടിയെ ലഭിച്ചത്. മരംകൊണ്ടു നിർമിച്ച പെട്ടിയിൽ പട്ടുതുണികൾ വിരിച്ച് ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം പൂട്ടിവച്ചിരിക്കുകയായിരുന്നു കുട്ടിയെ. ഒഴുകിവന്ന പെട്ടിയിൽ നിന്നു കരച്ചിൽ കേട്ട് ഇതു കരയ്ക്കടുപ്പിച്ചു തുറന്നപ്പോഴാണ് കുട്ടിയെ കണ്ടത്. തുടർന്ന് കുട്ടിയെ വളർത്താനായി വീട്ടിലേക്കു കൊണ്ടുപോയിരുന്നു ചൗധരി. പിന്നീട് ഇതിൽ നിയമപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗ്രാമത്തിലെ മുതിർന്നവർ ഉപദേശിച്ചതോടെ അദ്ദേഹം പൊലീസിൽ അറിയിക്കുകയായിരുന്നു. കുട്ടിയെ കോടതി നിർദേശപ്രകാരം ശിശുക്ഷേമ സമിതിക്കു കൈമാറിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കുട്ടിക്ക് ഗംഗ എന്നാണു പേര് ചൗധരി നൽകിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles