പഞ്ചാബ് : ഗിയാസ്പുരയിലെ ഫാക്ടറിയിലുണ്ടായ വാതകച്ചോർച്ചയിൽ 11 പേർ മരിച്ചു. രണ്ട് ആൺകുട്ടികളുൾപ്പെടെ ആറു പുരുഷൻമാരും അഞ്ച് സ്ത്രീകളുമാണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം എത് വാതകമാണ് ചോർന്നതെന്ന് കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോർട്ട്. ആളുകൾ ഫാക്‌ടറിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. ഇന്ന് രാവിലെ ഏഴേകാലോടെയാണ് വാതകചോർച്ച ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ നിരവധി ആളുകൾ വീടുകളിലും സമീപപ്രദേശങ്ങളിലും ബോധരഹിതരായി വീഴുകയായിരുന്നു.
സ്ഥലത്ത് രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുകയാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ള രക്ഷാദൗത്യസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇതിന് പുറമെ ദേശീയ ദുരന്തനിവാരണ സേനയുടെ 50 അംഗ സംഘവും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. ജനസാന്ദ്രതയേറിയ പ്രദേശമായതിനാൽ ആളുകളെ ഇവിടെനിന്ന് ഒഴിപ്പിക്കുകയാണ്. സംഭവ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ പൊലീസ് സീൽ ചെയ്തിട്ടുണ്ട്.

