Monday, October 12, 2026

ഗവി കൊലപാതകം! അങ്കണവാടി ഹെൽപ്പറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ കുറ്റസമ്മതം

പത്തനംതിട്ട : ഗവിയിൽ അങ്കണവാടി ഹെൽപ്പറായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്. ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിന് സമീപമുള്ള വനത്തിനുള്ളിൽ താൽക്കാലിക ഷെഡ് കെട്ടിയാണ് പ്രതി ഒളിവിൽ താമസിച്ചിരുന്നത്. ഈ വനപാതയിലൂടെ ദിവസേന ജോലിക്ക് പോവുകയും വരികയും ചെയ്തിരുന്ന യുവതിയെ പ്രതി നിരന്തരമായി നിരീക്ഷിച്ചു വരികയായിരുന്നു. മുൻപും പലതവണ ഇയാൾ യുവതിയെ ശല്യം ചെയ്തിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ പതിവുപോലെ ജോലിക്ക് പോയ യുവതിയെ ഒളിത്താവളത്തിന് ഒരു കിലോമീറ്റർ അകലെയുള്ള വിജനമായ സ്ഥലത്ത് വെച്ച് പ്രതി തടഞ്ഞുനിർത്തുകയും, ബലമായി നിലത്തു തള്ളിയിട്ട് ആക്രമിക്കുകയുമായിരുന്നു.

പ്രതിയെ പിടികൂടിയ ഒളിത്താവളത്തിൽ നിന്നും പതിമൂന്ന് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കുട്ടി ആരാണെന്നതിനെക്കുറിച്ചും എങ്ങനെയാണ് പ്രതിക്കൊപ്പം കാട്ടിനുള്ളിൽ എത്തിയതെന്നതിനെക്കുറിച്ചും വണ്ടിപ്പെരിയാർ പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്. പ്രതിയെ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും പോലീസ് അധികൃതർ അറിയിച്ചു.

Related Articles

Latest Articles