Thursday, January 8, 2026

ഒരിക്കലും മറക്കില്ല…. എന്നും ഒരേയൊരു ‘കാതല്‍ മന്നന്‍’; ജെമിനി ഗണേശന്റെ ഓർമ്മകൾക്ക് ഇന്ന് 17 വയസ്സ്

ജെമിനി ഗണേശന്റെ ഓർമ്മകൾക്ക് ഇന്ന് 17 വയസ്സ്(Gemini Ganesan Death Anniversary). സിനിമയിലും ജീവിതത്തിലും പ്രണയം ആഘോഷമാക്കിയ ‘കാതല്‍ മന്നന്‍‘ അതായിരുന്നു ജെമിനി ഗണേശൻ. പതിറ്റാണ്ടുകളോളം തമിഴ് സിനിമയിൽ കാതൽ മന്നനായി അരങ്ങുവാണ നടൻ. എം.ജി.ആർ, ശിവാജി ഗണേശൻ എന്നിവർക്കൊപ്പം ത്രിമൂർത്തികളിലൊരാളായി തിളങ്ങിനിന്നു. ഇരുപതോളം സിനിമകളിൽ ഒരുമിച്ചഭിനയിച്ച സാവിത്രിയുമായുള്ള ജെമിനിയുടെ പ്രണയം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒടുവിൽ സാവിത്രിയെ തന്നെ ജീവിതസഖിയാക്കുകയൂം ചെയ്തു.

കാലത്തിനു മുമ്പേ നടന്ന നടനായിരുന്നു ജെമിനി ഗണേശൻ. എം.ജി.ആറും ശിവാജിയും തകർപ്പൻ സംഭാഷണങ്ങളുമായി വെള്ളിത്തിരയിൽ കത്തിക്കയറിയപ്പോൾ സൗമ്യമായ ശരീരചലനങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രേക്ഷകഹൃദയങ്ങളിൽ വേറിട്ടൊരു സ്ഥാനം കരസ്ഥമാക്കി ജെമിനി ഗണേശൻ. പ്രണയരംഗങ്ങളിലെ മികവാണ് ജെമിനിയെ വേറിട്ടുനിർത്തിയത്.

1920 ല്‍ തഞ്ചാവൂരിലെ പുതുക്കോട്ടൈയില്‍ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. ബിരുദം എടുത്ത ശേഷം താമ്പരത്തെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ലക്ചററായി ജോലിക്കു കയറി.
ആ ജോലി ഉപേക്ഷിച്ച് 1947 ല്‍ ജമിനി സ്റ്റുഡിയോസിലെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി ജോലിക്ക് ചേര്‍ന്ന ജെമിനിക്ക് ആദ്യകാലത്ത് സ്റ്റുഡിയോവിലെ കണക്കു നോക്കുന്ന പണിയേ ഉണ്ടായിരുന്നുള്ളു. ഈ സ്ഥാപനത്തിന്റെ പേരിലാണ് അദ്ദേഹം തന്റെ പേരിനു മുൻപിൽ ജെമിനി എന്ന് ചേർത്തത്. 1953 വരെ അധികം ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും സിനിമയിൽ ചെയ്യാൻ ഗണേശനു കഴിഞ്ഞില്ല.

‘തായ് ഉള്ളം’ എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചത് ജനശ്രദ്ധ ആ‍കർഷിച്ചു. അതിനടുത്ത വർഷം അദ്ദേഹം നായകനായി ‘മനം പോലെ മംഗല്യം’ എന്ന ചിത്രത്തിൽ അഭിനയിച്ചു. അതിനു ശേഷം ഒട്ടനവധി മികച്ച ചിത്രങ്ങളിൽ നായകനായി അദ്ദേഹം അഭിനയിച്ചു. അദ്ദേഹത്തിന്റെ വൈകാരികമായ നായക വേഷങ്ങൾ കോണ്ട് അദ്ദേഹത്തെ ജനങ്ങൾ കാതൽ മന്നൻ എന്ന് വിളിച്ചു. 1971 ൽ അദ്ദേഹത്തിന് പത്മശ്രീ ബഹുമതി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2005 മാർച്ച് 22 ൽ 85 ആം വയസ്സിലാണ് ആ അഭിനയപ്രതിഭ ഈ ലോകത്തോട് വിടപറഞ്ഞത്. എങ്കിലും ആ മഹാനടൻ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നു.

Related Articles

Latest Articles