പാലക്കാട്: ജനറൽ ബിപിൻ റാവത്തിന് ആദരവുമായി പാലക്കാട് നഗരസഭ. ധീര സൈനികരോടുളള ആദരവിന്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡിന് ബിപിൻ റാവത്തിന്റെ പേര് (General Bipin Rawat Road) നൽകി. നഗരസഭാ കൗൺസിൽ യോഗത്തിന്റെ തീരുമാന പ്രകാരമാണ് റോഡ് പുന:ർനാമകരണം ചെയ്തത്. നഗരസഭ 15ാം വാർഡിലെ ശ്രീ ഗണേഷ് നഗറിലെ കൽമണ്ഡപം-കൽപ്പാത്തി ബൈപ്പാസ് മുതൽ ശേഖരീപുരം തോട്ടുപാലംവരെയുള്ള റോഡിനാണ് ജനറൽ ബിപിൻ റാവത്ത് റോഡ് എന്ന പേര് നൽകിയത്.
നഗരസഭാ കൗൺസിൽ യോഗത്തിൽ 15ാം വാർഡ് കൗൺസിലർ ശശികുമാർ റോഡിന്റെ പേര് മാറ്റുന്നതിനായി പ്രമേയം അവതരിപ്പിച്ചിരുന്നു. ഈ പ്രമേയം സഭ ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് റോഡിന് ബിപിൻ റാവത്തിന്റെ പേര് നൽകിയത്.
അതേസമയം മെയിൻപൂരിയിലെ സൈനിക സ്കൂളിന് അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാരും അറിയിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. 2019 ഏപ്രിൽ മുതലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.
കഴിഞ്ഞ മാസമാണ് ഹെലികോപ്റ്റർ അപകടത്തിൽ ബിപിൻ റാവത്ത് ഭാര്യ മധുലിക റാവത്ത് എന്നിവരുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടത്. സുലൂർ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. എന്നാൽ 2016 ഡിസംബര്‍ 17ന് ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗില്‍ നിന്നാണ് ജനറല്‍ ബിപിന്‍ റാവത്ത് കരസേന മേധാവിയായി ചുമതല ഏറ്റെടുക്കുന്നത്. 1978ലാണ് അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു ബിപിന്‍ റാവത്ത്. തന്റെ നാല് ദശാബ്ദങ്ങള്‍ നീണ്ട കരിയറില്‍ നിരവധി സുപ്രധാന ചുമതലകള്‍ ബിപിന്‍ റാവത്ത് വഹിച്ചിട്ടുണ്ട്.

