Saturday, May 4, 2024
spot_img

ഇവർ ചില്ലറക്കാരല്ല..! അറിയണം ശ്രീപദ്മനാഭനെയും, സി പി രാമസ്വാമിയെയും.

പദ്മനാഭസ്വാമി ക്ഷേത്രം സ്‌റ്റേറ്റിൻ്റെ ട്രഷറി ആയിരുന്നു. നാട്ടുരാജാക്കന്മാരുടെ മുതല് കൊള്ളയടിച്ചും കരം പിരിച്ചുമാണ് ഭണ്ഡാരം നിറച്ചത്‌. കരം എന്നു പറയുമ്പോൾ ‘മുലക്കരം’ എന്നു എടുത്തു പറയണം. എങ്കിലേ ചാനലുകാരെപ്പോലെ ഒരു ഗുമ്മ് കിട്ടു. ബ്രിട്ടീഷുകാർക്ക് കപ്പം കൊടുത്തശേഷം രാജകുടുംബം ബാക്കി പുട്ടടിക്കുകയായിരുന്നു.

അങ്ങനെ പോകുന്നു നവോത്ഥാന പുരോഗമന തള്ള്…

രണ്ടാം ലോകമഹായുദ്ധകാലത്ത് തിരുവിതാംകൂറിൽ രാജഭരണമാണ്. ദിവാൻ ദുഷ്ടനായ സി.പി.രാമസ്വാമി അയ്യർ. തഞ്ചാവൂർ പട്ടർ എല്ലാം അടിച്ചുമാറ്റി. കുറച്ച് പാലസിനു കൊടുത്തു. ന. പു കൾ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും അങ്ങനെയാണ്.

പൈത്യങ്ങൾ!

ലോകം ഒരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണ്. 1940 കളിൽ തന്നെ സ്വാമി അന് നിരീക്ഷിച്ചു. അതിൻ്റെ ഭവിഷ്യത്ത് ഭക്ഷ്യക്ഷാമമായിരിക്കും എന്നു ഊഹിക്കാനുള്ള ലോക പരിചയം ദിവാനുണ്ടായിരുന്നു. യൗവ്വനം ഒന്നാം ലോകമഹായുദ്ധത്തിലൂടെ കടന്നു പോന്നതാണ്. അതുകൊണ്ട് പട്ടിണിയുണ്ടാകും എന്നതിനു ഒരു പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിൻ്റെയും പoന റിപ്പോർട്ട് ആവശ്യമില്ലായിരുന്നു.

ബർമ്മയിൽ നിന്നാണ് അരി ഇറക്കുമതി ചെയ്യുന്നത്. യുദ്ധം തുടങ്ങിയാൽ അത് നിൽക്കും. വില കൂടും.

ഈ ‘സുവർണ്ണാവസരം’ മുതലാക്കി കരിഞ്ചന്തക്കാരിൽ നിന്നു പരമാവധി കമ്മീഷനടിക്കാമെന്നു സ്വാമി പ്ലാനിട്ടിരുന്നു എന്നാണോ നിഷ്കളങ്കരേ നിങ്ങൾ വിചാരിക്കുന്നത്?

എങ്കിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും കുട്ടിച്ചോറാക്കുന്നവരുടേയും മറ്റ് കുംഭകോണ രാഷ്ട്രീയക്കാരുടേയും ചിത്രങ്ങൾ നിങ്ങളുടെ തലയിൽ തെളിഞ്ഞു വരുന്നതു കൊണ്ടാണ്.

ഉടൻ ഒരു നെല്ലു ഗവേഷണ കേന്ദ്രം സ്ഥാപിക്കണം. അവിടെ അത്യുൽപ്പാദ ശേഷിയുള്ള വിത്തുകൾ ഉപ്പാദിപ്പിക്കണം. ശാസ്ത്രീയമായി കൃഷി ചെയ്യാൻ കർഷകരെ പരിശീലിപ്പിക്കണം. അതായിരുന്നു സ്വാമി എടുത്ത തീരുമാനം. അതിനു കണ്ടെത്തിയത് കുട്ടനാട്ടിലെ മങ്കൊമ്പു. കേരളത്തിൻ്റെ നെല്ലറയിൽ. ഇപ്പോഴും അവിടെ ഒരു നെല്ലു ഗവേഷണ സ്ഥാപനമുണ്ട്! ഇപ്പോൾ നെൽക്കൃഷി പണ്ടത്തേതിൻ്റെ പകുതിയും ആയി.

രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോൾ കൃഷി ചെയ്തിരുന്ന പാടങ്ങളിൽ എല്ലാക്കൊലവും കൃഷിയിറക്കണമെന്നു ദിവാൻ ഉത്തരവിട്ടു. പറ്റിയാൽ ഇരുപ്പു. വേണ്ടിടത്ത് അടിയന്തിര ഇറിഗേഷൻ സൗകര്യങ്ങൾ പേഷ്കാർ ഏർപ്പെടുത്തും. നിലം തരിശിടുന്നത് ക്രിമിനൽ കുറ്റം.

എന്ത്?

നിലം തരിശിടുന്നത് ക്രിമിനൽ കുറ്റമായിരിക്കും. നിഷ്കളങ്കന്മാർക്ക് മനസിലാകുന്നുണ്ടല്ലോ. ജനത്തിനു കഞ്ഞി കുടിക്കാൻ അരി വേണം. അതിനാ. അല്ലാതെ ഇന്നത്തേപ്പോലെ പാടശേഖര സമിതികൾക്ക് കാശുണ്ടാക്കാനല്ല.

യുദ്ധം തുടങ്ങി. കൂടെ വറുതിയും. കപ്പക്കൃഷി നേരത്തെ ആരംഭിച്ചതുകൊണ്ട് സോമാലിയ ആകാതെ ഒരു വിധം പിടിച്ചു നിന്നു. അപ്പോഴാണ് സായിപ്പിൻ്റെ കഴപ്പ്. പട്ടാളക്കാരുടെ യൂണിഫോം പശയിടാൻ സ്റ്റാർച്ച് കിട്ടുന്നില്ല. കേരളത്തിൽ മരച്ചീനിയുണ്ട്. അതു കിട്ടിയാൽ പശയുണ്ടാക്കാം. ഇംഗ്ലണ്ടിലെ കമ്പനികൾ സ്വാമിക്ക് കമ്പിയടിച്ചു. മരച്ചീനി കയറ്റി അയക്കണം. പോടാ കൂവേന്നു സ്വാമി. ഇവിടെ മനുഷ്യനു തിന്നാൻ തികയുന്നില്ല. അപ്പോഴാണ് അവൻ്റെ കട്ടിപ്പശ!

കമ്പനികൾ വൈസ്രോയിയെ സമീപിച്ചു. വൈസ്രോയി കേബിൾ അയച്ചു. ‘അയിനെന്താ മൂത്താരെ തരാലോ? പക്ഷെ ക്വിൻ്റലിനു ക്വിൻ്റൽ അരി പകരം തരണം. എന്താ?’. ബ്രിട്ടീഷ് സർക്കാരിൻ്റെ കയ്യിൽ അരി നീക്കിയിരിപ്പ് ഉണ്ട്. ഇതിൻ്റെ ഒരു ഭാഗം കയറ്റി അയച്ചാണ് 1943ൽ ബംഗാളിൽ കൃത്രിമ ക്ഷാമം ഉണ്ടാക്കിയത്‌.

മരച്ചീനി കപ്പലിൽ ബിലാത്തിക്ക് പോയി. പകരം തീവണ്ടിയിൽ അരി വന്നു. PDS (റേഷൻ കട) നിയന്ത്രിച്ചത് ഈ അരിവച്ചായിരുന്നു.

അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് തിരുവിതാംകൂറിൽ തുടക്കമിട്ടു. ഐക്യകേരള സർക്കാർ അതിൻ്റെ രീതികൾ അതേ പോലെ തുടർന്നു വന്നതുകൊണ്ട് മലയാളി കൂട്ടത്തോടെ ചത്തൊടുങ്ങിയില്ല.

യുദ്ധം അവസാനിച്ചു. തൊഴിലില്ലായ്മ ആയിരുന്നു അടുത്ത കെടുതി. അങ്ങനെ ആദ്യത്തെ തൊഴിലുറപ്പ് പദ്ധതി സ്വാമി പ്രഖ്യാപിക്കുന്നു.

എം.സി റോഡ് പുനർനിർമ്മിക്കും. കുറഞ്ഞ വിലയ്ക്ക് സിമിൻ്റ് കിട്ടാനുണ്ട്. അതു കൊണ്ട് റോഡ് കോൺക്രീറ്റ് ചെയ്തു വീതി കൂട്ടാം. ആർക്കു വേണമെങ്കിലും കരാറു കിട്ടും. ഗോസായിക്കോ സായിപ്പിനോ ദർഘാസ് വക്കാം. ചങ്ങനാശേരിയിലോ കോലഞ്ചേരിയിലോ ഉള്ള നസ്രാണി കോൺട്രാക്റ്ററായാലും പ്രശ്നമില്ല. ആധുനിക യന്ത്രങ്ങൾ ഉപയോഗിക്കാം. പക്ഷെ ഒരു കണ്ടീഷൻ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സാങ്കേതിക തൊഴിലാളികൾ ഒഴികെ മറ്റുള്ളവരെ അതാത് സ്ഥലത്ത് നിന്നു കൂലിക്കെടുക്കണം. മസ്റ്റർ റോൾ നിർബന്ധമായും സൂക്ഷിക്കണം. സർക്കാർ നിശ്ചയിച്ച മിനിമം കൂലി കൊടുക്കണം. എങ്കിലെ ബില്ല് പാസാക്കു.

തിരുവനന്തപുരത്തും അങ്ങനെ പല പുതിയ സർക്കാർ കെട്ടിടങ്ങളും മരാമത്തു പണിയുമുണ്ടായി. പിന്നാലെ ഒരു സിമിൻ്റ് ഫാക്റ്ററിക്ക് (TCL) തറക്കല്ലിടുകയും ചെയ്തു. (1946). സിമിൻ്റ് മുതലാളിമാർ എപ്പോഴാണ് വില കൂട്ടുക എന്നറിയില്ല. ആഭ്യന്തരോൽപ്പാദനം കൊണ്ടതിനെ നിയന്ത്രിക്കണം. ഇന്നത്തെ രാഷ്ട്രീയക്കാരുടെ ബുദ്ധി സി.പിക്ക് ഇല്ലാതെ പോയി. അല്ലെങ്കിൽ എന്തോരം തോട്ടം മേടിക്കാനുള്ള കാശുണ്ടാക്കാമായിരുന്നു.

ബൈ ദുബായ്! സി.പി.യുടെ റോഡുപണിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു.

Santhosh George Kulangara പറയുന്നത് കേരളം നടന്നു കാണണ്ട ഒരു സ്ഥലമാണെന്നാണ്. ഇന്നൊരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ അടുത്തു നിന്നു നടക്കാൻ തുടങ്ങിയാൽ ആറ്റിങ്ങൽ എത്തുന്നതിനു മുൻപ് അയാൾ തിരിച്ച് മെഡിക്കൽ കോളേജിൽ എത്തിയിരിക്കും. വണ്ടിയിടിച്ച്. വെളുപ്പാൻ കാലത്ത് നടക്കാൻ ഇറങ്ങുന്ന എത്രപേരാണ് ടിപ്പറിടിച്ചു മരിക്കുന്നത്. നവോത്ഥാന കാലത്ത് നടപ്പാതയുള്ള എത്ര റോഡുകൾ, സ്‌റ്റേറ്റ് ഹൈവേകൾ കേരളത്തിലുണ്ട്? ഉള്ളവയിൽ തന്നെ എങ്ങനെ വിശ്വസിച്ചു നടക്കും? എല്ലായിടത്തും സ്ലാബ് മൂടിയിട്ടുണ്ടെന്നു എന്താ ഉറപ്പ്. നടക്കാനുള്ള സ്ഥലത്ത് പെട്ടിക്കടകൾ.

സി.പി നിഷ്കർഷിച്ച റോഡുകളിൽ നിർബന്ധമായും നടപ്പാതയുണ്ടായിരിക്കണം. വെള്ളമൊഴുകാൻ ഓടകൾ വേണം. വെളിച്ചം കാട്ടാൻ വിളക്ക് അവശ്യം. അങ്ങനെയുള്ള എത്ര പൊതുവഴികൾ ഇന്നു നമുക്കുണ്ട്?

ഭക്ഷണവും തൊഴിലും വഴിയും. സാമൂഹിക ജീവിതത്തിൻ്റെ മൂന്നു അടിസ്ഥാന സൗകര്യങ്ങളാണ്‌. സാമിക്കും പാലസിനും ധൂർത്തടിക്കാൻ അതൊന്നും നിർമ്മിക്കണ്ട ആവശ്യമില്ലായിരുന്നു. നിർമ്മിച്ചാൽത്തന്നെ അത് തിരുവനന്തപുരത്ത് മതി എന്നു വക്കാം. സ്റ്റേറ്റ് മൊത്തമെടുത്ത് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയില്ലെങ്കിൽ ആരും ചോദിക്കില്ല.

എങ്കിലും അങ്ങനെയല്ല ചെയ്തത്. സ്റ്റേറ്റിനു മൊത്തമായി ഗുണം വരത്തക്ക പ്രവർത്തികൾ. അങ്ങനെ ചെയ്യാൻ തോന്നണമെങ്കിൽ രാഷ്ട്രീയത്തിനു അതീതമായ ഒരു പ്രവിശ്യാ സ്നേഹം വേണം. താനും ഈ സ്റ്റേറ്റിൻ്റെ ഭാഗമാണെന്ന ബോധം. അതുണ്ടെങ്കിലേ ജനോപകാരപ്രദമായി പ്രവർത്തിക്കാൻ കഴിയു. വികസനമുണ്ടാകു. അതിനൊക്കെയുള്ള ചെലവ് ആരും വീട്ടിൽ നിന്നു എടുത്തു കൊടുക്കുകയില്ല. മുലയ്ക്കോ മുഖത്തിനോ ഒക്കെ നികുതിയിട്ട് തന്നെ സമാഹരിക്കും.

എന്നിട്ടും പിന്നെയും സഞ്ചിത നിക്ഷേപം ഇരിക്കുന്നത് കണ്ട് വായിൽ വെള്ളമൂറിയിട്ട് കാര്യമില്ല. കിട്ടില്ല. അതിനാണ് പദ്മനാഭൻ അതിൻ്റെ മുകളിൽ കയറി ഇരിക്കുന്നത്. വിർച്ചൽ ഡിഫൻസ്‌. തൊട്ടാൽ പൊട്ടും.

ഈ കാലത്തിലിരുന്നു കൊണ്ട് ആ സഞ്ചിത നിക്ഷേപത്തെപ്പറ്റി സ്വപ്നം കണ്ടിട്ട് കാര്യമില്ല. ഭൂതകാലത്തിൽ പോയി വിമർശനം നടത്തിയിട്ടും പ്രയോജനമില്ല. അതു വേറെ സൂക്കേടാണ്. അവർക്കു വേണ്ടി സി.പി പണ്ടേ ഒരു സ്ഥാപനം പണിതിട്ടിട്ടുണ്ട്. ഊളമ്പാറ!

പത്തു രൂപയ്ക്ക് ഒ.പി. ടിക്കറ്റെടുത്താൽ അവടെപ്പോയി തല പരിശോധിപ്പിക്കാം. താമസിച്ചാൽ മറ്റുള്ളവർ കൂട്ടിക്കൊണ്ടു പോകേണ്ടി വരും.

പഴയ സ്വത്തു കണ്ട് അസൂയപ്പെടാതെ, ഇപ്പോൾ ഉണ്ടാക്കി അനുഭവിക്കു. ഓരോ സമ്പത്തിനും അതു ഉപയോഗിക്കാൻ അർഹരായവർ ഉണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles