Thursday, May 23, 2024
spot_img

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതി; പാകിസ്ഥാൻ ഡോക്ടർ മുഹമ്മദ് മസൂദിന് 18 വർഷം ജയിൽ ശിക്ഷ

ഇസ്ലാമാബാദ്: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതിയിട്ട പാകിസ്ഥാൻ ഡോക്ടർക്ക് 18 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. മിനസോട്ടയിലെ റോച്ചസ്റ്ററിൽ നിന്നുള്ള മുഹമ്മദ് മസൂദ് (31) നാണ് സെൻ്റ് പോളിലെ യുഎസ് ജില്ലാ കോടതി തടവ് ശിക്ഷ വിധിച്ചത്. കോടതിയിൽ ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു.

2018 മുതൽ എച്ച്-1ബി വിസയിൽ യുഎസിൽ താമസിക്കുന്ന മസൂദ് പാകിസ്ഥാനിൽ മെഡിക്കൽ ലൈസൻസ് നേടിയിരുന്നു. റോച്ചസ്റ്ററിലെ ഒരു റിസർച്ച് ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന മസൂദ് ലോസ് ഏഞ്ചൽസിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുമ്പ് 2020 മാർച്ചിൽ മിനിയാപൊളിസ്-സെൻ്റ് പോൾ എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. ലോസ് ഏഞ്ചൽസിൽ നിന്ന് ചരക്ക് കപ്പലിൽ കയറി മിഡിൽ ഈസ്റ്റിലേക്ക് പോകാനും ഐഎസിൽ ചേരാനുമായിരുന്നു മസൂദിന്റെ പദ്ധതി.

എന്നാൽ മസൂദിന്റെ മാനസിക നില തകരാറിലാണെന്നാണ് മസൂദിന്റെ അഭിഭാഷകന്റെ വാദം. മസൂദിന്റെ പ്രവർത്തനങ്ങൾ അക്രമ തീവ്രവാദത്തോടും ഐഎസ്ഐഎസിന്റെ ലക്ഷ്യങ്ങളോടും പിന്തുണ നൽകുന്ന പ്രവർത്തിയായിട്ടല്ല, മറിച്ച് മാനസിക രോഗത്തിന്റെയും ഒന്നിലധികം സമ്മർദ്ദങ്ങളുടെയും അനന്തരഫലമായാണ് മനസ്സിലാക്കേണ്ടത് എന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പറയുന്നതനുസരിച്ച്, 2020 മാർച്ചിൽ ചിക്കാഗോയിൽ നിന്ന് ജോർദാനിലേക്ക് വിമാനമാർഗം സിറിയയിലെത്താൻ മസൂദ് ആദ്യം പദ്ധതിയിട്ടിരുന്നു, എന്നാൽ കോവിഡ് കാരണം ജോർദാൻ അതിർത്തികൾ അടച്ചതോടെ പദ്ധതി പരാജയപ്പെട്ടു.

Related Articles

Latest Articles