Friday, May 17, 2024
spot_img

തിഹാർ ജയിലിൽ ‘പ്രേതശല്യം: അനുഭവ കഥകളുമായി തടവുപുള്ളികള്‍; പൂജയും കൗണ്‍സലിംഗുമായി​ ജയിൽ ജീവനക്കാർ

ദില്ലി: തിഹാര്‍ ജയിലില്‍ ‘പ്രേതവിളയാട്ടം. ഓരിയിടല്‍, ഉറങ്ങിക്കിടക്കുമ്പോള്‍ ചുറ്റിലും കാല്‍പ്പെരുമാറ്റം, അപ്രതീക്ഷിതമായി മുഖത്തടി, ചിലരുടെ പുതപ്പ്​ ആരോ വലിച്ചെടുക്കുന്നു എന്നീ പരാതികളാണ് തടവുപുള്ളികൾ ഉന്നയിക്കുന്നത്. പരാതിപ്രവാഹം മൂലം പൊറുതിമുട്ടിയിരിക്കുകയാണ്​ ജയില്‍ അധികൃതര്‍. രാവിലെ ഉണരുമ്പോൾ കടുത്ത തലവേദനയും ക്ഷീണവുമാണ്​ പല പുള്ളികള്‍ക്കും. എല്ലാം വെറും തോന്നലുകളാണ്​ എന്ന്​ ഉത്തമ ബോധ്യമുണ്ടെങ്കിലും ഓരോരുത്തരുടേയും പരാതികള്‍ പ്രത്യേകം പരിഗണിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ചില സെല്ലുകളിൽ തടവുപുള്ളികൾ തമ്മിലുണ്ടായ അടിപിടിയിൽ പലരും കൊല്ലപ്പെട്ടിട്ടുണ്ട്​. മറ്റു​ ചിലയിടത്ത്​ തൂങ്ങിമരണം സംഭവിച്ചിട്ടുണ്ട്​. ഇങ്ങനെയുള്ള സെല്ലുകളിൽ നിന്നാണ്​ പ്രേതകഥകൾ കൂടുതലും പുറത്തുവരുന്നത്​. തൂക്കിക്കൊല ശിക്ഷ നടപ്പാക്കുന്ന മുറിയുടെ അടുത്തുള്ള ​ജയിൽ നമ്പർ മൂന്ന്​ ആണ്​ ബാധ കൂടുതലുള്ള സ്​ഥലം. അതിനിടെ പ്രേതങ്ങൾക്ക്​ മുഖവുമുണ്ടെന്ന്​ തടവുപുള്ളികളിൽ നിന്നുതന്നെ ‘വ്യക്​തമായി’. 1984ൽ തൂക്കിലേറ്റപ്പെട്ട കശ്​മീരി വിഘടനവാദി നേതാവ്​ മഖ്​ബൂൽ ഭട്ട്​, 2013ൽ തൂക്കിലേറ്റപ്പെട്ട അഫ്​സൽ ഗുരു എന്നിവരുടെ പ്രേതങ്ങളെയാണത്രെ ചിലർ നേരിട്ട്​ കണ്ടത്​.

കടുത്ത മാനസിക സമ്മര്‍ദവും ചെയ്​ത കുറ്റങ്ങള്‍ വേട്ടയാടുന്നതുമാണ്​ പലപ്പോഴും തടവുപുള്ളികളെ ഇത്തരം അനുഭവങ്ങളിലേക്ക്​ നയിക്കുന്നതെന്ന്​ സര്‍ ഗംഗാറാം ആശുപത്രിയിലെ മനഃശാസ്​ത്ര വിഭാഗം മേധാവി രാജീവ്​ മേത്ത പറയുന്നത്. ഉടനെ ഇവരെ ആശുപത്രിയിലെത്തിക്കണം. ഇതുകൂടാതെ പേടി വിട്ടുമാറാത്തവര്‍ക്ക്​ കൗണ്‍സലിങ്ങും ഏര്‍പ്പാടാക്കണമെന്നും അദ്ദേഹം പറഞ്ഞു

അതേസമയം ചിലർക്ക് വേണ്ടി പ്രേത ബാധയൊഴിപ്പിക്കൽ പൂജയും തിഹാര്‍ ജയിലില്‍ നടത്തുകയുണ്ടായി. സ്​ഥിരം കുറ്റവാളികളേക്കാള്‍ അവിചാരിതമായി കൊടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരിലാണ്​ പ്രേതഭീതി കൂടുതല്‍​. ശരിയായ കൗണ്‍സലിങ്​​, വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെ ഇത്തരം ബാധ മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് മനഃശാസ്​ത്ര വിഭാഗം മേധാവി വ്യക്തമാക്കുന്നത്.

Related Articles

Latest Articles