റായ്പുർ: കാമുകനുമായി വഴക്കിട്ടതിനെ തുടർന്ന് 80 അടി ഉയരമുള്ള വൈദ്യുതി ടവറിനു മുകളിൽ കയറി പെണ്‍കുട്ടി. പിന്നാലെ വലിഞ്ഞ് കയറി കാമുകനും. ഒടുവിൽ ഇരുവരെയും സുരക്ഷിതമായി താഴെയിറക്കി. ഛത്തീസ്ഗഡിലെ ഗൗരേല പേന്ദ്ര മർവാഹി ജില്ലയിലാണ് സംഭവം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഫോൺ കോളിനെ ചൊല്ലി കാമുകനുമായി വഴക്കിട്ടിരുന്നു. പിന്നലെയാണ് ടവറിനു മുകളിൽ കയറിയത്. ഇറങ്ങാൻ ആവശ്യപ്പെട്ട് കാമുകനും പിന്നാലെ കയറി. ഇരുവരെയും ടവറിന് മുകളിൽ കണ്ട പ്രദേശവാസികൾ പോലീസിനെ വിവരം അറിയിച്ചു. ഇരുവരുടെയും വീട്ടുകാരെയും അറിയിച്ചിരുന്നു. പോലീസ് എത്തുമ്പോഴേക്കും പ്രദേശവാസികള്‍ ടവറിന് ചുറ്റും തടിച്ചുകൂടിയിരുന്നു.
പോലീസ് ഉദ്യോഗസ്ഥർ ഇരുവരെയും അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. മണിക്കൂറുകൾക്കുശേഷം ഇരുവരും വഴങ്ങി. സംഭവത്തിൽ പോലീസ് കേസൊന്നും റജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ, ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് ഇരുവർക്കും താക്കീതു നൽകി.

