Sunday, May 12, 2024
spot_img

നിങ്ങൾ നരകത്തിലെ വിറക് കൊള്ളികൾ ! അഫ്‌ഗാനിൽ സ്ത്രീ വിരുദ്ധ നിയമങ്ങൾ കടുപ്പിച്ച് താലിബാൻ ഭരണകൂടം; മൂന്നാം ക്ലാസിനപ്പുറം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിന് വിലക്ക്

കാബൂൾ : സ്ത്രീകൾക്കെതിരായ കാടൻ നിയമങ്ങൾ വീണ്ടും കടുപ്പിച്ച് അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. മൂന്നാം ക്ലാസിനപ്പുറം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിന് താലിബാൻ വിലക്കേർപ്പെടുത്തിയതാണ് ഇത്തരത്തിൽ പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത. പത്ത് വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾ പഠിക്കരുതെന്നാണ് താലിബാൻ ഭരണകൂടത്തിന്റെ പുതിയ സ്ത്രീ വിദ്യാഭ്യാസ നയം. ഗസ്‌നി പ്രവിശ്യയിലെ സ്‌കൂളുകളുടെയും പരിശീലന ക്ലാസുകളുടെയും പ്രിൻസിപ്പൽമാരോട് പത്ത് വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്ക് പഠന സൗകര്യമൊരുക്കരുതെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി. മൂന്നാം ക്ലാസിന് മുകളിലുള്ള വിദ്യാർത്ഥിനികൾ സ്‌കൂളിലെത്തുകയാണെങ്കിൽ തിരികെ വീട്ടിലേക്ക് അയയ്‌ക്കാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രിൻസിപ്പൽമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അഫ്‌ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ 2021 സെപ്റ്റംബറിൽ പെൺകുട്ടികളെ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിൽ നിന്ന് താലിബാൻ വിലക്കുകയും ഹൈസ്‌കൂളുകൾ ആൺകുട്ടികൾക്ക് മാത്രമായി തുറന്നിടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. പിന്നാലെ കഴിഞ്ഞ വർഷം ഡിസംബറിൽ, കോളേജിലും യൂണിവേഴ്സിറ്റിയിലും പോകുന്ന സ്ത്രീകളെയും വിലക്കി.

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിന് താലിബാനെ കഴിഞ്ഞ മാസം ഐക്യരാഷ്ട്ര സഭ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പിന്നാലെ അഫ്ഗാൻ ഭരണകൂടത്തിന് യുകെ നൽകിയിരുന്ന ധനസഹായം അവർ നിർത്താൻ പോകുകയാണ് എന്നാണ് വിവരം.

Related Articles

Latest Articles