ദില്ലി : പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം പശ്ചിമ ബംഗാൾ സന്ദർശിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് നാല് പൊതുയോഗങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും.
രാവിലെ 11.30 ഓടെ സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാരക്പൂരിലും ഉച്ചയ്‌ക്ക് ഒരു മണിയോടെ ഹൂഗ്ലിയിലും, ശേഷം 2.30ഓടെ ആറാംബാഗിൽ നടക്കുന്ന യോഗത്തിലും പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് ഹൗറയിൽ നടക്കുന്ന പൊതുയോഗത്തിലും പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം മടങ്ങുക. ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മെയ് 20 നാണ്.
മെയ് 3ന് പ്രധാനമന്ത്രി പശ്ചിമ ബംഗാൾ സന്ദർശിച്ചിരുന്നു. കൃഷ്ണനഗർ, പുർബ ബർധമാൻ, ബോൾപൂർ ലോക്സഭാ മണ്ഡലങ്ങൾ സന്ദർശിക്കുകയും തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. മെയ് 13ന് നാലാംഘട്ട തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിലെ എട്ട് ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

