കരുണാനിധിയുടെ സ്വപ്നം പോലെ മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തിയ മകന്‍ എം.കെ. സ്റ്റാലിന്‍റെ താരപരിവേഷം അതിവേഗം മങ്ങുകയാണ്. ബിജെപി നേതാവ് അണ്ണാമലൈ ഡി.എം.കെയുടെ അഴിമതിയുടെ ദുര്‍ഭൂതങ്ങളെ അഴിച്ചുവിട്ടതോടെ ദ്രാവിഡരാഷ്ട്രീയത്തിന്‍റെ കവചമൊന്നും സ്റ്റാലിനെ രക്ഷിയ്ക്കുന്നില്ല. ഇപ്പോഴിതാ ഇതാദ്യമായി മുഖ്യമന്ത്രി സ്റ്റാലിനെതിരെ ട്വിറ്ററില്‍ ട്രെന്‍ഡായി ഗോബാക്ക് സ്റ്റാലിന്‍ (മടങ്ങിപ്പോകൂ സ്റ്റാലിന്‍) എന്ന ഹാഷ്ടാഗ് തരംഗമാവുകയാണ്. കോയമ്പത്തൂരുള്‍പ്പെടുന്ന കൊംഗുനാട് സന്ദര്‍ശിക്കുന്ന സ്റ്റാലിനെതിരെയാണ് ജനങ്ങള്‍ അവരുടെ പ്രതിഷേധം ഗോബാക്ക് സ്റ്റാലിന്‍ എന്ന ഹാഷ്ടാഗില്‍ അറിയിച്ചത്. ഏകദേശം ഒന്നരലക്ഷം ട്വീറ്റാണ് ഈ ഹാഷ്ടാഗില്‍ സ്റ്റാലിനെതിരെ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ഒരു ജില്ല സന്ദര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ഇങ്ങിനെ ഒരു വിമര്‍ശനം നേരിടുന്നത് ഇതാദ്യമാണ്. പൊതുവേ വികസനത്തിന്‍റെ കാര്യത്തിലും ആരോഗ്യസംരക്ഷണത്തിന്‍റെ കാര്യത്തിലും തമിഴ്നാടിന്‍റെ പടിഞ്ഞാറന്‍ ഭാഗങ്ങളെ സ്റ്റാലിന്‍ അവഗണിച്ചു എന്ന പരാതി നിലനില്‍ക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ചെന്നൈ കഴിഞ്ഞാല്‍ ഏറ്റവും വികസിതമായ നഗരം കോയമ്പത്തൂരാണ്. എന്നാല്‍ ഈയിടെ കോവിഡ് പടര്‍ന്നു പിടിച്ചപ്പോഴും കോയമ്പത്തൂരിലും കൊംഗുനാട്ടിലും വേണ്ടത്ര വാക്സിന്‍ വിതരണം ചെയ്തില്ലെന്ന് പരാതിയുണ്ട്.
കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള കൊംഗുനാടിനെ അവഗണിച്ചപ്പോള്‍ ചെന്നൈയില്‍ ധാരാളമായി സ്റ്റാലിന്‍ വാക്സിന്‍ വിതരണം ചെയ്തിരുന്നു. ബിജെപിയ്ക്ക് നല്ല പിന്തുണ ലഭിയ്ക്കുന്ന മേഖലയാണ് കോയമ്പത്തൂര്‍ മേഖല. കോയമ്പത്തൂര്‍ സൗത്ത് ലോക് സഭാ മണ്ഡലത്തില്‍ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ കമലഹാസനെ അടിമറിച്ച് ബിജെപിയുടെ വനതി ശ്രീനിവാസന്‍ വിജയിച്ചിരുന്നു. ഈയിടെ ഒരു ഡിഎംകെ നേതാവ് കൊംഗുനാഠിന്‍റെ പരാതികള്‍ കേട്ടപ്പോള്‍ ടിവി ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: കോയമ്പത്തൂരിലെ ജനങ്ങള്‍ വേദന കൊണ്ട് കരയുന്നുണ്ടെങ്കിലും ബുദ്ധിമുട്ടുന്നുണ്ടെങ്കിലും അവര്‍ മോദിയുടെ മുന്‍പില്‍ ചെന്ന് കരയട്ടെ. വേദനകൊണ്ട് കരയുന്നുണ്ടെങ്കില്‍ മോദിയ്ക്ക് വാട്സാപ് ചെയ്യട്ടെ എന്നായിരുന്നു. ബിജെപിയ്ക്ക് മുന്‍തൂക്കമുള്ള പ്രദേശമാണെങ്കില്‍ മോദിയോട് പരാതി പറയട്ടെ എന്ന വിഭാഗീയമായ കാഴ്ചപ്പാടിനെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു. തമിഴ്നാട്ടിലെ മുഴുവന്‍ പ്രദേശത്തിന്‍രെയും മുഖ്യമന്ത്രിയായിരിക്കെ, സര്‍ക്കാരായിരിക്കെ ഡിഎംകെ എല്ലാ പ്രദേശങ്ങളെയും ഒരു പോലെ പരിഗണിക്കാന്‍ ബാധ്യസ്ഥരാണ്.
ഇങ്ങനെയൊന്നും സ്റ്റാലിൻ ചെയ്യുന്നില്ല എന്ന് മാത്രമല്ല, മുഴുവൻ അഴിമതിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ് സ്റ്റാലിൻ സർക്കാർ. വൈദ്യുതി എക്സ്സൈസ് മന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത് ഡി.എം.കെയ്ക്ക് ഉണ്ടായ കനത്ത തിരിച്ചടിയാണ്. പിന്നാലെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയേയും ദേശീയ വനിത കമ്മീഷന്‍ അംഗം ഖുശ്ബു സുന്ദറിനെയും അപമാനിച്ച കേസിൽ ഡിഎംകെ വക്താവ് ശിവജി കൃഷ്ണമൂര്‍ത്തിയെ പോലീസ് 2 ദിവസം മുൻപാണ് അറസ്റ്റ് ചെയ്തത്. ഏറ്റവും പുതുതായി ഡിഎംകെയുടെ മുന്‍ ഖനനമന്ത്രിയും ഇപ്പോഴത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ കെ. പൊന്മുടി നടത്തിയ കോടികളുടെ അഴിമതിയ്ക്കെതിരെയാണ് അണ്ണാമലൈ സമരം നടത്തുന്നത്. 2007 മുതല്‍ 2011 വരെ ഖനന-ധാതു മന്ത്രിയായിരിക്കെ കെ. പൊന്മുടി പൊതുഖജനാവിന് 28.4 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് അണ്ണാമലൈ തുറന്നടിച്ചിരിക്കുന്നത്. ഇങ്ങനെയിരിക്കുന്ന സമയത്താണ് സ്റ്റാലിനെതിരെ ട്വിറ്ററിൽ ഗോബാക്ക് സ്റ്റാലിന്‍ എന്ന ഹാഷ്ടാഗ് തരംഗമായി മാറിയിരിക്കുന്നത്. എന്തായാലും സ്റ്റാലിന്റെ മുഖ്യമന്ത്രി കസേര ആടിത്തുടങ്ങിയിട്ടുണ്ട്. ഇനി ആരൊക്കെയാണ് അറസ്റ്റിലാകുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

