Monday, November 23, 2026

ലോട്ടറിയടിച്ചില്ല; ആള്‍ദൈവത്തെ തലക്കടിച്ച്‌ കൊന്നു; പ്രതി അറസ്റ്റില്‍

ബിജ്നോര്‍: ബിജ്നോറിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവമായ രാമദാസ് ഗിരി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ബിജ്നോര്‍ സ്വദേശി മുഹമ്മദ് ജിഷാനെ പോലീസ് അറസ്റ്റ് ചെയ്തു. ലോട്ടറി ടിക്കറ്റെടുക്കാന്‍ രാമദാസ് ഗിരി നിര്‍ദ്ദേശിച്ച നമ്ബറിന് സമ്മാനം ലഭിക്കാത്തതിലുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് രാമദാസ് ഗിരിയെ ബിജ്നോര്‍ നങ്ഗല്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിലെത്തിയ ഭക്തരാണ് മൃതദേഹം ആദ്യം കണ്ടത് തുടര്‍ന്ന് അവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. തലയില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നെങ്കിലും കവര്‍ച്ചാ ശ്രമമോ മറ്റോ നടന്നിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് രാമദാസ് ഗിരിയുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുഹമ്മദ് ജിഷാനിലേക്കെത്തിയത്.

ലോട്ടറി നറുക്കെടുപ്പില്‍ ഭാഗ്യ നമ്ബറുകള്‍ പ്രവചിച്ചാണ് രാമദാസ് ഗിരി പ്രശസ്തി നേടിയത്. ഭാഗ്യാന്വേഷികളായ നിരവധിപേര്‍ ഇദ്ദേഹത്തെ സമീപിച്ചിരുന്നു. അങ്ങനെയാണ് മുഹമ്മദ് ജിഷാനും രാമദാസ് ഗിരിയെ സമീപിച്ചത്.

മൊബൈല്‍ ഫോണും 51,000 രൂപയും നല്‍കിയാണ് ജിഷാന്‍ രാമദാസ് ഗിരിയില്‍ നിന്നും ഭാഗ്യനമ്ബറുകള്‍ വാങ്ങിയത്. ശേഷം അഞ്ച് ലക്ഷം രൂപയ്ക്ക് ഈ നമ്ബറുകളുടെ ലോട്ടറി ടിക്കറ്റുകളും വാങ്ങിയിരുന്നു. എന്നാല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ജിഷാന് ഒരു സമ്മാനം പോലും ലഭിച്ചില്ല. ഇക്കാരണത്താല്‍ ജിഷാന്‍ രാമദാസിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തിയാണ് കേസെടുത്തതെന്ന് ബിജ്നോ‌ര്‍ പൊലീസ് സൂപ്രണ്ട് ധരംവീര്‍ സിങ് അറിയിച്ചു.

Related Articles

Latest Articles