Wednesday, May 8, 2024
spot_img

സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധം; നിര്‍ണായക കണ്ടെത്തലുമായി എന്‍ഐഎ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എയുടെ കണ്ടെത്തല്‍. ഇതിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചതായി അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. പ്രതികളുടെ ജാമ്യഹർജികളുടെ വാദത്തിനിടയിലാണ് എൻ.ഐ.എ. ഇക്കാര്യങ്ങൾ ബോധിപ്പിച്ചത്.

യു.എ.ഇ., ടാൻസാനിയ എന്നിവിടങ്ങളിലും ആഴത്തിൽ അന്വേഷണം നടത്തേണ്ട കേസാണിതെന്നും, ഇതിനാവശ്യമായ സമയം ലഭിക്കണമെന്നും ഈ സാഹചര്യത്തിൽ പ്രതികൾക്ക്‌ ജാമ്യം നൽകരുതെന്നും എൻഐഎ പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പറ്റ കോടതിയില്‍ വ്യക്തമാക്കി. അതേസമയം കേസിലെ 10 പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഇന്നും വാദം തുടരും.

അന്വേഷണത്തിന്റെ ഭാഗമായി 90-ഓളം ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് എൻഐഎ കോടതിയില്‍ അറിയിച്ചു. ഇതിൽ 22 ഡിജിറ്റൽ ഉപകരണങ്ങളിൽനിന്നുള്ള രേഖകൾ മാത്രമേ തിരിച്ചെടുക്കാൻ സാധിച്ചിട്ടുള്ളൂ. കേസ് രജിസ്റ്റർ ചെയ്തശേഷവും ചില പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും അവ തിരിച്ചെടുക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും എൻ.ഐ.എ. കോടതിയില്‍ വ്യക്തമാക്കി. അതേസമയം കേസിലെ പ്രധാന പ്രതികളിലൊരാളായ കെ.ടി. റമീസ് വിദേശത്തുനിന്ന് ആയുധങ്ങൾ കേരളത്തിലേക്കു കടത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതികളുടേത് ഗുരുതര ക്രിമിനൽ പ്രവൃത്തിയാണെന്നു നിരീക്ഷിച്ച കോടതി ഇവർക്കുമേൽ യു.എ.പി.എ. ചുമത്താനുള്ള കാര്യങ്ങൾ വിശദമാക്കാൻ ആവശ്യപ്പെട്ടു.

Related Articles

Latest Articles