കൊച്ചി: ദുബായിയിൽ നിന്ന് മുംബൈയിലേക്കും കേരളത്തിലേക്കും സ്വർണം കള്ളക്കടത്ത് നടത്താൻ 22 നിക്ഷേപകരുടെ കൂട്ടായ്മ കേന്ദ്ര റവന്യു ഇന്റലിജൻസ് കണ്ടെത്തി.
പെരുമ്പാവൂർ സ്വദേശി നിസാർ പി അലിയാരാണ് ഈ സംരംഭത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് കേന്ദ്ര റവന്യു ഇന്റലിജൻസ് തയ്യാറാക്കിയിട്ടുള്ള അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിസാർ അലിയാരെ മുംബൈയിൽനിന്ന് പിടികൂടി അതീവ രഹസ്യമായി ഇയാൾ സൂക്ഷിച്ചിരുന്ന രേഖകൾ കണ്ടെടുത്തതോടെയാണ് കള്ളക്കടത്ത് നിക്ഷേപകരുടെ ശൃംഖല വെളിച്ചത്തുവന്നത്.
2017 ഫിബ്രവരി 27-നും 2019 മാർച്ച് 17-നും മധ്യേ ഈ സംഘം ഇന്ത്യയിൽ എത്തിച്ചത് 4,522 കിലോഗ്രാം സ്വർണമായിരുന്നു. 1,473 കോടി രൂപ സ്വർണത്തിന് വില വരുമെന്ന് അധികൃതർ റിപ്പോർട്ടിൽ പറയുന്നു.
‘പിച്ചള പാഴ്‌വസ്തുക്കൾ’ എന്ന ലേബൽ ഒട്ടിച്ച്, കസ്റ്റംസ് അധികൃതരുടെ കണ്ണുകൾ വെട്ടിച്ചാണ്, സ്വർണം കറുത്ത ചായം തേച്ച് ഇറക്കുമതി ചെയ്തത്.
ഗൾഫിൽനിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി സ്വർണം ജാംനഗറിലെ ഗോഡൗണിൽ എത്തിച്ചു. പിന്നീട് മുംബൈയിലും കേരളത്തിലും വിതരണം ചെയ്തു. നൂറോളം വാഹനങ്ങളും അഞ്ഞൂറോളം തൊഴിലാളികളും ഈ സംരംഭത്തിൽ പങ്കാളികളായിട്ടുണ്ട്.
മുംബൈയിൽനിന്ന് ആറു മാസം മുമ്പ് 75 കിലോഗ്രാം സ്വർണം പിടിക്കപ്പെട്ടതോടെയാണ് റെവന്യൂ ഇന്റലിജൻസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

