Monday, November 2, 2026

30 വർഷത്തെ സിപിഎം ബന്ധം വലിച്ചെറിഞ്ഞു !!മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ ; സ്വീകരിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ. ലോക്ഭവനിലെ കെപിസിസിയുടെ രാപ്പകൽ സമരവേദിയിലേക്കെത്തിയാണ് അംഗത്വം സ്വീകരിച്ചത്. ഇത്തവണ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം. മൂന്നുതവണ കൊട്ടാരക്കരയിൽനിന്ന് എംഎൽഎയായിട്ടുണ്ട്.

പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് കോൺഗ്രസിൽ എത്തുന്നത് സംബന്ധിച്ച് ധാരണയായത്. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് എംഎൽഎ ആയി ഐഷ പോറ്റിയുടെ തുടക്കം.കഴിഞ്ഞ തവണ ഐഷ പോറ്റിക്ക് സിപിഎം സീറ്റ് നിഷേധിച്ചിരുന്നു. അതേസമയം, ഇത് സന്തോഷ നിമിഷമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി.

കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ചതിൽ വളരെ മ്ലേച്ഛമായ സോഷ്യൽ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി. പ്രിയപ്പെട്ട സഖാക്കൾക്ക് വിഷമമുണ്ടാക്കുന്ന തീരുമാനമാണിതെന്നും അവർ കോൺ​ഗ്രസ് സമര വേദിയിൽ പറഞ്ഞു. ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രമായിരുന്നു പ്രശ്നം. ആരെയും കുറ്റം പറയാൻ ഇഷ്ടമല്ല. ഏത് വലിയ മന്ത്രിയായാലും മനുഷ്യരോട് ഇടപെടാൻ പ്രശ്നം എന്താണ്? വർഗ്ഗ വഞ്ചക എന്ന് വിളിച്ചേക്കും. എപ്പോഴും മനുഷ്യ പക്ഷത്തായിരിക്കുമെന്നും ഐഷ പോറ്റി പറഞ്ഞു

എന്റെ നാടാണ് എന്നെ വളർത്തിയത്. സത്യസന്ധമായി ആളുകളുമായി ഇടപെടണം. ഞാനൊരു അധികാര മോഹിയല്ല. ആരെയും കുറ്റപ്പെടുത്താൻ എനിക്ക് സാധിക്കില്ല. ഞാൻ എന്നും മനുഷ്യനോടൊപ്പം നിൽക്കുന്നയാളാണ്. എല്ലാ പാർട്ടിയോടും മനുഷ്യരോടും എനിക്കിഷ്ടമാണ്. രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ മനുഷ്യനുവേണ്ടി പ്രവർത്തിക്കും. എംഎൽഎ ആയി ഇത്രനാൾ ഇരുന്നിട്ട് എനിക്കൊരു ജോലിയും ഉണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Latest Articles