Sunday, May 12, 2024
spot_img

നല്ല മനസ്സിനുടമ ഒളിവിൽ…രജിത് കുമാറിന് സ്വീകരണം ഒരുക്കിയ രണ്ടുപേർ അറസ്റ്റിൽ ; സ്വീകരിക്കാനെത്തിയവരെ മുഴുവന്‍ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി

ബിഗ് ബോസ് താരം രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കാനെത്തിയവരെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. ഇതിനകം രണ്ടുപേരെ അറസ്റ്റ് ചെയ്‍തിട്ടുണ്ട്. മറ്റുള്ളവരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. രജിത് കുമാര്‍ ഒളിവില്‍ പോയതായാണ് വിവരമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സ്വീകരണത്തിനെത്തിയ ആളുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. സ്വീകരണത്തിന് എത്തിയ മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യാനാണ് പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നാടിനാകെ വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്നും കേസെടുത്തെങ്കിലും രജിത് കുമാറിനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. രാജ്യം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാടുന്നതിനിടയിലാണ് ചിലര്‍ ഇത്തരം കോമാളിത്തരങ്ങള്‍ കാണിക്കുന്നത്. ഇത് അപഹാസ്യമാണ്. നല്ല മനുസ്സുള്ളവര്‍ക്ക് കൊറോണ വരില്ലെന്ന് രജിത് കുമാര്‍ പറഞ്ഞ കാര്യവും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.- മന്ത്രി പറഞ്ഞു.
പത്ത് മിനിറ്റ് കൊണ്ടാണ് ഇത്രയും ആളുകള്‍ സംഘടിച്ചത്. വിമാനത്താവളത്തിനകത്ത് വെച്ച് ജീവനക്കാര്‍ രജിത് കുമാറിനൊപ്പം സെല്‍ഫി എടുത്തത് ഉള്‍പ്പെടെ സിയാലിന്‍റെ ഭാഗത്ത് നിന്ന് വീഴ്‍ചയുണ്ടായോ എന്ന് പരിശോധിക്കാന്‍ എംഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles